photo
തിരുന്നാളില്ലാതെ ശൂന്യമായ പള്ളിക്കുന്ന് മൈതാനം

മാള: ഭക്തിക്കപ്പുറം കാർഷിക- വിപണി മേളയും ഗൃഹാതുരത്വം നിറഞ്ഞ അനുഭവങ്ങളുമായി നടന്നിരുന്ന തെക്കൻ താണിശേരി സെൻ്റ് സേവ്യേഴ്സ് പള്ളിയിലെ ശൗര്യാർ പുണ്യവാളൻ്റെ വലിയ തിരുന്നാൾ ആഘോഷം രണ്ട് ആഴ്ചയിൽ അവസാനിപ്പിക്കുന്നു.

കൊവിഡ് 19 പശ്ചാത്തലത്തിൽ ലോക്കായതിനാൽ ആളൊഴിഞ്ഞ പള്ളിക്കുന്നാണ് കാണാനായത്. കച്ചവടക്കാരും കാഴ്ചക്കാരും സാധനങ്ങൾ വാങ്ങാനെത്തുന്നവരുമായി നൂറ് കണക്കിന് ആളുകളാണ് ഈ പള്ളിക്കുന്നിലെ മൈതാനത്ത് നിറയാറ്. പുതുമഴയിൽ നടാനുള്ള എല്ലാ തരത്തിലുള്ള വിത്തുകളും ഇവിടെ ലഭിക്കുമായിരുന്നു. കൂടാതെ കാർഷിക ആവശ്യങ്ങൾക്കും വീട്ടാവശ്യത്തിനുമുള്ള കുട്ട, വട്ടി, മുറം, മൺപാത്രങ്ങൾ എന്ന് വേണ്ട ഇവിടെ കിട്ടാത്തതായി ഒന്നുമില്ല. ചക്ക, മാങ്ങ, ചേമ്പ്, ചേന, മഞ്ഞൾ, ഇഞ്ചി, മത്തൻ, കുമ്പളം മുതൽ എല്ലാ നാട്ടു വിഭവങ്ങളും ഇവിടെയുണ്ടാകാറുണ്ട്. മോര് വെള്ളം, ഐസ് ഫ്രൂട്ട്, നാടൻ മറുക്ക് മുതൽ പൊട്ട്, മാല, വള, കമ്മൽ എന്തിനേറെ സൗന്ദര്യ വർദ്ധക വസ്തുക്കൾ വരെ നിറഞ്ഞിരുന്നു. നാടിൻ്റെ ആഘോഷമായാണ് ഇന്നും ഇത് തുടർന്നിരുന്നത്. ആഘോഷങ്ങൾക്കായി കരുതിയിരുന്ന പണം സ്വരൂപിച്ച് ഇവിടത്തെ ഒരു കൂട്ടം യുവാക്കൾ 202 വീടുകളിലേക്ക് ഭക്ഷ്യ സാധനങ്ങളെത്തിച്ച് നൽകിയിരുന്നു. തെക്കൻ താണിശ്ശേരിക്കാർക്ക് ശൗരിയാർ പുണ്യാളന്റെ വലിയ തിരുന്നാൾ ദിനങ്ങളാണിത്. പൊൻകുരിശും, വെള്ളി കുരിശും, മുത്തുക്കുടകളും, വാദ്യമേളങ്ങളും, ദീപാലാങ്കാരവും ഒന്നുമില്ലാതെ വിജനമായ പള്ളിമുറ്റവും അടഞ്ഞ് കിടക്കുന്ന ദേവാലയവും.