തൃശൂർ: ആനയും മേളവും ആളും ആരവവും തട്ടകക്കാരുമില്ലാതെ, അഞ്ചു പേരുടെ സാന്നിദ്ധ്യത്തിൽ നിശബ്ദമായി തൃശൂർ പൂരം കൊടിയേറി. രണ്ടു നൂറ്റാണ്ടിലേറെ പഴക്കമുള്ള പൂരം മുൻകാലങ്ങളിൽ ഉപേക്ഷിച്ചിട്ടുണ്ടെങ്കിലും ആനകൾ പോലുമില്ലാതെ തിരുവമ്പാടിയിലും പാറമേക്കാവിലും ചടങ്ങ് നടത്തുന്നത് ആദ്യം.
ഇന്നലെ പന്ത്രണ്ടോടെ, ലോക്ക് ഡൗൺ നിയന്ത്രണം പാലിച്ചായിരുന്നു കൊടിയേറ്റം. തിരുവമ്പാടിയിൽ ദേശത്തെ തച്ചൻ സുഷിത്ത് തയ്യാറാക്കിയ കൊടിമരത്തിൽ ആല്, മാവ്, ദർഭ എന്നിവ കെട്ടിയ ശേഷം മേൽശാന്തി പ്രദീപ് നമ്പൂതിരി പൂജിച്ച് നൽകിയ കൊടിക്കൂറ ദേശക്കാർക്കായി ദേവസ്വം ജോയിന്റ് സെക്രട്ടറി രവി മേനോൻ, കമ്മിറ്റി അംഗങ്ങളായ കെ. ഗിരീഷ്, ജയചന്ദ്രൻ, പ്രശാന്ത് മേനോൻ, രഞ്ജിത്ത് എന്നിവർ ചേർന്ന് കവുങ്ങിൻ മുകളിൽ ഉയർത്തി. വൈകിട്ട് നാലരയോടെ വലംതല കൊട്ടി തിടമ്പ് നെഞ്ചോട് അടുക്കിപ്പിടിച്ച് മേൽശാന്തിമാർ പടിഞ്ഞാറെ ചിറയിലെത്തി ആറാട്ട് നടത്തി മടങ്ങി.
പാറമേക്കാവ് ക്ഷേത്രത്തിൽ തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിയുടെയും മേൽശാന്തി വടക്കേടത്ത് വാസുദേവൻ നമ്പൂതിരിയുടെയും നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. ദേശത്തെ ആചാരി ചെമ്പിൽ കുട്ടൻ തയ്യാറാക്കിയ കൊടിമരത്തിൽ ദേവസ്വം ഭാരവാഹികളായ സതീഷ് മേനോൻ, രാജേഷ് പൊതുവാൾ എന്നിവർ കൊടിയേറ്റി. തിടമ്പേന്തി വടക്കുന്നാഥ ക്ഷേത്രത്തിലെത്തി കൊക്കർണി കുളത്തിൽ ആറാട്ട് നടത്തി. പൂരം പൂർണമായും ഉപേക്ഷിച്ചെങ്കിലും കൊടിയേറ്റം നടത്താൻ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം തീരുമാനിച്ചിരുന്നു. അഞ്ച് പേർക്ക് മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാൻ പൊലീസ് അനുമതി നൽകിയത്. പൂരത്തിന് പൂർണ്ണതയേകുന്ന എട്ടു ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റ ചടങ്ങുകളുണ്ടായില്ല. മേയ് രണ്ടിനാണ് പൂരം. പൂരം ചടങ്ങായി നടത്തിയ കാലങ്ങളിൽ കൊടിയേറ്റത്തിന് പൂരപ്രേമികളും ഭക്തരും അടങ്ങുന്ന ജനക്കൂട്ടമുണ്ടായിരുന്നു. ഇനി, ദിവസവും നടക്കുന്ന ശീവേലിക്കും ആനയുണ്ടാകില്ല.