തൃശൂർ: ശ്രീനാരായണ ഗുരുദേവൻ വീട്ടിലെത്തി അനുഗ്രഹം നൽകി ജന്മസാഫല്യം നേടിയ മുത്തച്ഛൻ, ഗുരുദേവദർശനം പോലെ കുടുംബ ജീവിതത്തിലേക്ക് ലാളിത്യത്തോടെയും കാരുണ്യപ്രവർത്തനങ്ങളോടെയും കാലെടുത്ത് വെച്ച കൊച്ചുമകൻ. ഈ ലോക്ക് ഡൗൺ കാലത്ത്, തലമുറകൾക്കപ്പുറവും ശ്രീനാരായണ ദർശനങ്ങൾക്ക് മിന്നു ചാർത്തുകയാണ് പൊറ്റെപ്പുറത്ത് കുടുംബം.

കൂർക്കഞ്ചേരി കണിമംഗലം പൊറ്റെപ്പുറത്ത് ചാത്തുണ്ണിയുടെ കൊച്ചുമകൻ സുമേഷിൻ്റെ വിവാഹമാണ് ഗുരുദേവവചനം ഉൾക്കൊണ്ട് ലളിതമായി നടന്നത്. അരിമ്പൂരിലെ വധൂഗൃഹത്തിൽ പങ്കെടുത്തത് കുടുംബാംഗങ്ങൾ അടക്കം ഇരുപതോളം പേർ. വിവാഹശേഷം സുമേഷും ഭാര്യ ശ്രീരശ്മിയും ആദ്യമെത്തിയത് കളക്ടറേറ്റിലേക്ക്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി 25,000 രൂപ മന്ത്രി എ.സി. മൊയ്തീൻ്റെ സാന്നിദ്ധ്യത്തിൽ കളക്ടർ എസ്. ഷാനവാസിന് കൈമാറി.

ശ്രീനാരായണ ഗുരുദേവൻ്റെഅനുയായി മാത്രമായിരുന്നില്ല ആ വചനങ്ങൾ അക്ഷരം പ്രതി ജീവിതത്തിൽ പകർത്താൻ ശ്രമിച്ച ഗുരുഭക്തനായിരുന്നു ചാത്തുണ്ണി. ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രത്തിന് സമീപമായിരുന്നു അന്ന് പൊറ്റെപ്പുറത്ത് തറവാട്. ക്ഷേത്രത്തില്‍ പ്രതിഷ്ഠ നിര്‍വഹിച്ച കാലത്തായിരിക്കണം പൊറ്റെപ്പുറത്ത് തറവാട്ടിൽ ഗുരുദേവൻ എത്തിയതെന്നാണ് കരുതുന്നത്. വ്യവസായം കൊണ്ട് അഭിവൃദ്ധി നേടണമെന്ന ഗുരുവിൻ്റെ വാക്കുകൾ ഏറ്റെടുത്താണ് ഹോട്ടൽ വ്യവസായത്തിൽ ചാത്തുണ്ണി സജീവമായത്. തൃശൂർ ജയ്ഹിന്ദ് മാർക്കറ്റിലെ ശാന്തി ഹോട്ടൽ പഴമക്കാരുടെ നല്ല രുചിയുളള ഓർമ്മയാണ്.

നിയോഗം

ഗുരു അരുൾ പ്രകാരം വിവാഹം നടക്കുന്നത് ഈ കുടുംബത്തിന് ആശ്ചര്യകരമല്ല, നിയോഗമാണ്. മുത്തച്ഛനും അച്ഛൻ ശിവദാസനും ഈ ലോകത്തില്ല. എങ്കിലും അവർ നടന്ന വഴികൾ സുമേഷിന് മുന്നിലുണ്ട്. സി.പി.എം കണിമംഗലം നോർത്ത് ബ്രാഞ്ച് അംഗവും കാരമുക്ക് - പൂക്കാട്ടിക്കര ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റുമായ സുമേഷ്, സൺ ഹോമിയോ മെഡിസിൻ എന്ന സ്ഥാപനം നടത്തുന്നു. കൈപ്പിള്ളി ശശിധരന്റെയും മല്ലികയുടെയും മകളാണ് ശ്രീരശ്മി. കാർഷിക സർവകലാശാലയിലെ ജീവനക്കാരിയാണ്.

..................

ലോക്ക് ഡൗണിലല്ലെങ്കിലും വിവാഹം ലളിതമായി തന്നെ നടത്തുമായിരുന്നു. വിവാഹച്ചെലവ് ഒഴിവാക്കി എന്തെങ്കിലും ജീവകാരുണ്യ പ്രവർത്തനം ചെയ്യണമെന്നും ആഗ്രഹിച്ചിരുന്നു

സുമേഷ്.