പെരിങ്ങോട്ടുകര : കള്ള് ചെത്തുന്നതിന് നിരോധനമായതോടെ നൂറ് കണക്കിന് കള്ള് - ചെത്ത് തൊഴിലാളി കുടുംബങ്ങൾ പ്രതിസന്ധിയിൽ. മദ്യനിരോധന കാലത്ത് പോലും ചക്കരയ്ക്കായി കള്ള് ചെത്താവുന്നതിനാൽ ഇങ്ങനെയൊരു പ്രതിസന്ധി ആദ്യം. മറ്റ് വ്യവസായങ്ങൾ പോലെ പെട്ടെന്നു നിറുത്തി ഒരു സുപ്രഭാതത്തിൽ തുടങ്ങാവുന്നതല്ല കള്ള് ഉത്പാദനം. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് തലേദിവസം സാധാരണരീതിയിൽ തെങ്ങ് ചെത്തിയിറങ്ങിയ തൊഴിലാളികൾ വൈകീട്ടാണ് അടുത്ത നാൾ മുതൽ മാട്ടമിറക്കി ഉത്പാദനം നിറുത്തണമെന്നറിയുന്നത്.

ഉത്പാദനം നിറുത്താനായി ചെത്തുന്ന തെങ്ങിൻ കുലകൾ കൊത്തി വിടർത്തി കുടഞ്ഞിടണം. എന്നിട്ടാണ് മാട്ടം ഇറക്കുക. ഇങ്ങനെ ചെയ്തില്ലെങ്കിൽ കുലകളിലൂടെ കള്ളിറങ്ങി തെങ്ങിന് കേടുവരും. അതോടെ ആ കുലയിൽ നിന്നുള്ള ഉത്പാദനവും തീരും. പിന്നീട് ആ തെങ്ങിലെ തന്നെ നല്ല കുല കണ്ടെത്തി ചെത്താൻ സാധിക്കുക പ്രയാസമാവും. കുല കിട്ടിയാൽ തന്നെ കുല തല്ലി കള്ളായി വരാൻ ചുരുങ്ങിയത് ഒന്നര മാസമെങ്കിലും എടുക്കും.

ഒരിക്കൽ ചെത്തിയ തെങ്ങുകൾ പിന്നീട് കേര കർഷകർ ചെത്താൻ നൽകണമെന്നുമില്ല.

ഇത്തരം സാഹചര്യത്തിൽ തെങ്ങ് വേറെ കണ്ടെത്തേണ്ടി വരും. ഇത് മട്ടയൊരുക്കുന്നതിനും മറ്റുമായി അധിക സാമ്പത്തിക ബാദ്ധ്യതയാണ് വരുത്തുക. ഒരു തൊഴിലാളിക്ക് പത്ത് തെങ്ങ് വരെ ചെത്താനാണ് അനുമതി. ഏഴ് തെങ്ങാണ് പൊതുവെ ചെത്തി വരുന്നത്. ആറ് മാസമാണ് ഒരു തെങ്ങ് ചെത്താവുന്ന കാലാവധി. നല്ല ശ്രദ്ധ നൽകിയാൽ ഒരു വർഷം വരെ ചെത്താം. ഇപ്പോൾ ചെത്തുപാട്ടം കരാറുകാരിൽ നിന്ന് ലഭിക്കാത്തതിനാൽ കേരകർഷകരുടെ ആയിനത്തിലുള്ള വരുമാനം നിലച്ചു. ചെത്തുതൊഴിലാളികളുടെ തന്നെ ക്ഷേമനിധിയിൽ നിന്നും പലിശയില്ലാതെ പതിനായിരം രൂപ നൽകി എന്നതാണ് ലഭിച്ച ഏക ആശ്വാസം. ചെത്തുതൊഴിലാളി കുടുംബങ്ങളെല്ലാം ഇപ്പോൾ പട്ടിണിയുടെ വക്കിലാണ്. ധൃതിപിടിച്ച് ഷാപ്പ് ലേലം നടത്തിയ സർക്കാർ, തൊഴിലാളികളുടെ ക്ഷേമത്തിനായി യാതൊന്നും ചെയ്യുന്നില്ലെന്നാണ് ചെത്തുതൊഴിലാളികളുടെ ആക്ഷേപം. പാലക്കാട്ടേക്ക് തെങ്ങ് ചെത്താൻ പോകുന്ന തൊഴിലാളി കുടുംബങ്ങളിലെയും സ്ഥിതി ഇതു തന്നെയാണ്. ചെത്തുതൊഴിലാളികൾക്കും കേരകർഷകർക്കുമായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് ഇവരുടെ ആവശ്യം.

സംസ്ഥാനത്താകെ

ഏകദേശം 30,000 ചെത്തുതൊഴിലാളികൾ

ജില്ലയിൽ

ഏകദേശം 2,000

ദിവസവും ലഭിക്കുക ശരാശരി പത്ത് ലിറ്റർ കള്ള്

പ്രതീക്ഷിത വരുമാനം ദിനവും 600 രൂപ