എരുമപ്പെട്ടി: എരുമപ്പെട്ടി, കടങ്ങോട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ കഞ്ചാവ് വിൽപ്പനയും ഉപയോഗവും വർദ്ധിച്ചതായി പരാതി. കഞ്ചാവ് മാഫിയക്കെതിരെ പരാതി നൽകിയ പ്രദേശവാസികളെ ആക്രമിക്കാൻ പദ്ധതിയിടുന്ന ശബ്ദ സന്ദേശം കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
വിദ്യാർത്ഥികളും യുവാക്കളുമാണ് കഞ്ചാവ് മാഫിയയുടെ വലയിൽ കുരുങ്ങിയിരിക്കുന്നത്. കഞ്ചാവിന് അടിമകളായ പല യുവാക്കളും പണം കണ്ടെത്തുന്നതിനായി വിതരണക്കാരായി മാറിയിട്ടുണ്ട്. കൂട്ടം കൂടിയിരുന്ന് കഞ്ചാവ് പുകയ്ക്കുന്നത് ചോദ്യം ചെയ്യുന്ന നാട്ടുകാരെ ആക്രമിക്കുന്നതും പതിവാണ്. പരാതി നൽകിയിട്ടും ഈ സംഘങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസ് വിമുഖത കാണിക്കുന്നതായും ആരോപണമുണ്ട്.
അതേ സമയം ഒരു കിലോഗ്രാമിൽ കഞ്ചാവ് കൈവശം വയ്ക്കുന്നത് ജാമ്യം ലഭിക്കാവുന്ന കേസായതിനാൽ ശക്തമായ നടപടി സ്വീകരിക്കാൻ പൊലീസിനും എക്‌സൈസിനും കഴിയുന്നില്ല. കഞ്ചാവ് മാഫിയാ സംഘങ്ങൾക്കെതിരെ കർശന നടപടി കൈക്കൊള്ളാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറാകണമെന്ന് എ.ഐ.വൈ.എഫ് കുന്നംകുളം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
നിയമനിർമാണം വേണം
കഞ്ചാവ് മാഫിയാ സംഘങ്ങളെ അടിച്ചമർത്താനും തക്കതായ ശിക്ഷകൾ ലഭിക്കുന്നതിനും നിയമനിർമ്മാണം നടത്താൻ സർക്കാർ തയാറാകണമെന്ന് എ.ഐ.വൈ.എഫ് കുന്നംകുളം മണ്ഡലം സെക്രട്ടറി എം.പി. റഫീക്ക് തങ്ങൾ, പ്രസിഡന്റ് നിധിൻ സോജൻ ആവശ്യപ്പെട്ടു.