തൃശൂർ: നെറ്റിപ്പട്ടം കെട്ടിയ കരിവീരന്മാരുടെ മസ്തകത്തിൽ എഴുന്നള്ളാതെ കീഴ്‌ശാന്തിമാരുടെ കൈകളിലിരുന്ന് ഭഗവതിമാരുടെ ആറാട്ട് എഴുന്നള്ളിപ്പ്. വഴി നീളെയുള്ള നിറ പറയ്ക്കൽ വെച്ചുള്ള സ്വീകരണം ഇല്ലാതെയാണ് പൂരത്തിലെ പ്രധാനികളായ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ കൊടിയേറ്റ ദിവസം ആറാട്ടിന് പുറപ്പെട്ടത്.
വൈകിട്ട് നാലരയോടെ തിരുവമ്പാടി ഭഗവതി ചാറ്റൽ മഴയുടെ അകമ്പടിയോടെയാണ് മഠത്തിലെ പടിഞ്ഞാറെ ചിറയിലേക്ക് ആറാട്ടിന് പുറപ്പെട്ടത്. ഇന്നലെ വീടുകൾക്ക് മുന്നിൽ നിലവിളക്ക് മാത്രമാണ് ഉണ്ടായിരുന്നത്. പടിഞ്ഞാറെ ചിറയിൽ തന്ത്രിയുടെ കാർമ്മികത്വത്തിലായിരുന്നു ആറാട്ട്. സന്ധ്യയോടെ ക്ഷേത്രത്തിൽ തിരിച്ചെത്തിയ പാറമേക്കാവ് ഭഗവതി മേളത്തിന്റെ അകമ്പടി ഇല്ലാതെ വലം തല കൊട്ടി വടക്കുന്നാഥന്റെ കിഴക്കേ ഗോപുര നട വഴി അകത്തു കടന്നു. കൊക്കർണിയിൽ ആറാട്ട് മുങ്ങി തിരിച്ചു ക്ഷേത്രത്തിലെത്തി.