തൃശൂർ: കൊവിഡിനെതിരെ ജാഗ്രതയോടെ മാർഗ നിർദ്ദേശം നൽകി ജില്ലാ കൺട്രോൾ റൂം. ലോക്ക് ഡൗണിൽ കൺട്രോൾ റൂമിലേക്ക് വിളിച്ചത് ഒന്നര ലക്ഷത്തിലേറെ പേർ. ലോക്ക് ഡൗൺ കാലത്ത് പൊതുജനങ്ങൾക്ക് വിവരങ്ങൾ ജില്ലാ ഭരണകൂടത്തിൻ്റെ കോൾ സെൻ്റർ നൽകി. രാപ്പകൽ ഭേദമന്യേ കർമ്മനിരതരാണ് കൺട്രോൾ റൂമിലെ ജീവനക്കാർ. ദുരന്തനിവാരണ അതോറിറ്റിയുടെ കീഴിലാണ് പ്രവർത്തനം.
1077 ട്രോൾ ഫ്രീ നമ്പറിലേക്ക് ദിനം പ്രതി നൂറ്റമ്പതിലേറെ ഫോൺ വിളികളാണ് വരുന്നത്. ഇവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ഫോൺ ചെയ്യുന്നവർക്ക് ലഭിക്കേണ്ട വിവരം കൈമാറുന്നതും ഇവിടെ നിന്നാണ്. ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച സഹചര്യത്തിൽ പരിഭ്രാന്തരായ ജനങ്ങൾ കൺട്രോൾ റൂമിലേക്ക് 24 മണിക്കൂറും വിളിയായിരുന്നു.
മറ്റ് ജില്ലകളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വരെ കൺട്രോൾ റൂമിലേക്ക് വിളിയെത്തി. ലോക്ഡൗൺ സംബന്ധമായ വിവരങ്ങൾ, തൊഴിലാളി പ്രശ്നങ്ങൾ, യാത്ര പാസ് വിവരങ്ങൾ തുടങ്ങിയ വിവരങ്ങൾ അറിയുന്നതിനാണ് കൂടുതൽ പേരും വിളിക്കുന്നത്. ഏറ്റവും കൂടുതൽ വിളിച്ചത് പുരുഷന്മാരാണ്. സ്ത്രീകളുടെ കോൾ കുറവായിരുന്നു. സ്ത്രീകൾ വിളിച്ചിരുന്നത് ഗർഭിണികളായവരെ വീട്ടിലെത്തിക്കാൻ കഴിയുമോ എന്ന വിവരം അറിയാനായിരുന്നു. ലോക്ഡൗൺ കാലത്ത് കൺട്രോൾ റൂമിലെ മൂന്ന് ഫോണുകൾക്കും വിശ്രമമില്ലെന്ന് ഡെപ്യൂട്ടി കളക്ടർ ഡോ. എം.സി റെജിൽ പറഞ്ഞു. പൊലീസ്, അഗ്നി രക്ഷാ സേനാ, റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവരാണ് കൺട്രോൾ റൂമിൽ പ്രവർത്തിക്കുന്നത്...