velayudhan

ചാലക്കുടി: പ്രമുഖ വസ്ത്രാലങ്കാര വിദഗ്ദ്ധൻ കീഴില്ലം വേലായുധൻ (66) അന്തരിച്ചു. ഇന്നലെ രാവിലെ 10.30ന് പോട്ടയിലെ വീട്ടുപറമ്പിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ട വേലായുധനെ സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു. മൂന്നര പതിറ്റണ്ടായി സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന വേലായുധൻ അഞ്ഞൂറോളം സിനിമകളിൽ വസത്രാലങ്കാരം നിർവഹിച്ചു. കെ.ജി ജോർജ്ജിന്റെ ഉൾക്കടലിൽ സഹായിയായിട്ടായിരുന്നു തുടക്കം.

1994ൽ മാനത്തെ വെള്ളിത്തേര് എന്ന സിനിമയിലെ വസ്ത്രാലങ്കാരത്തിന് സംസ്ഥാന അവാർഡ് ലഭിച്ചു. സംഗീത നാടക അക്കാഡമി അവാർഡിനും അർഹനായി. മലയാളത്തിലെ സൂപ്പർ താരങ്ങളടക്കമുള്ളവരുടെ വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്. സിദ്ധിക്ക് ലാൽ കൂട്ടുകെട്ടിലെ സൂപ്പർ ഹിറ്റ് സിനിമകളായ റാംജി റാവു സ്പീക്കിംഗ്,മാന്നാർ മത്തായി സ്പീക്കിംഗ് എന്നീ സിനിമകളിലും അദ്ദേഹത്തിന്റെ കരവിരുതുണ്ട്. സിദ്ദിഖിന്റെ ബിഗ് ബ്രദറാണ് അവസാന ചിത്രം. പെരുമ്പാവൂർ കീഴില്ലം സ്വദേശിയായ വേലായുധൻ വിവാഹ ശേഷമാണ് പോട്ടയിലേയ്ക്ക് താമസം മാറ്റിയത്. ഭാര്യ: പരേതയായ ശാന്തകുമാരി. മക്കൾ: വൈശാഖ്, അശ്വതി.