അജണ്ടയായിരുന്നത് സ്ഥാനാർത്ഥി നിർണയത്തിന്റെ പ്രാഥമിക ചർച്ച

ചാലക്കുടി: നഗരസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിന്റെ പ്രാഥമിക ചർച്ചകൾക്കായി ബെന്നി ബെന്നി ബഹന്നാൻ എം.പി വിളിച്ചു ചേർത്ത കോൺഗ്രസ് നേതാക്കളുടെ യോഗം കൈയ്യാങ്കളിയിൽ കലാശിച്ചു. പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പനെതിരെ ഭൂരിപക്ഷം നേതാക്കളും രംഗത്തെത്തിയതോടെയാണ് രണ്ടു മണിക്കൂറോളം നീണ്ട യോഗം പ്രാഥമിക ധാരണ പോലും ഉണ്ടാക്കാൻ കഴിയാതെ അവസാനിപ്പിച്ചത്.

ഡി.ഡി.സി സെക്രട്ടറിമാർ, ബ്ലോക്ക് പ്രസിഡന്റുമാർ, മണ്ഡലം പ്രസിഡന്റ് എന്നിവരുടെ യോഗമാണ് ശനിയാഴ്ച നടന്നത്. കഴിഞ്ഞ തവണ നഗരസഭയിലെ കോൺഗ്രസ് ഭരണം നഷ്ടപ്പെടുന്നതിന് ഇടയാക്കിയത് പൈലപ്പന്റെ നേതൃത്വമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ മുതിർന്ന നേതാവ് ടി.എ. ആന്റോയുടെ സംസാരമാണ് തുടക്കം മുതൽ യോഗത്തിന്റെ ഗതി മാറ്റിയത്.

പാർട്ടിക്ക് നഷ്ടം മാത്രം വരുത്തിത്തീർത്ത പൈലപ്പന് ഇത്തവണ സീറ്റു നൽകരുതെന്ന ആന്റോയുടെ ആവശ്യത്തെ ഒ.എസ്. ചന്ദ്രൻ അടക്കമുള്ള പലരും പിന്താങ്ങി. ഇതോടെ പൈലപ്പൻ പൊട്ടിത്തെറിച്ചു. പരസ്പരം പോർവിളിയും വാഗ്വാദവും നടന്നു. മണ്ഡലം പ്രസിഡന്റ് ഷിബു വാലപ്പൻ, പ്രതിപക്ഷ നേതാവിന് പിന്തുണയുമായി എത്തിയതും പ്രശ്‌നമായി. പോർ വിളിയിൽ മുൻനിരയിൽ നിന്ന മണ്ഡലം പ്രസിഡന്റിനെ ഒടുവിൽ എം.പി താക്കീത് ചെയ്തതായി അറിയുന്നു.

ഒ.എസ്. ചന്ദ്രന് നേരെ പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ അസഭ്യം പറഞ്ഞ് പാഞ്ഞടുത്തുവത്രെ. ലോക്ക് ഡൗൺ മാനദണ്ഡം പാലിച്ചു ചേർന്ന യോഗം അവസാനം കൈയ്യാങ്കളിയുടെ വക്കിലുമായി. ഗതികെട്ടപ്പോൾ യോഗം അവസാനിപ്പിച്ച് എം.പി സ്ഥലം വിടുകയായികരുന്നു. ലോക്ക് ഡൗൺ വേളയിൽ യോഗം നടന്നതിൽ ഡി.സി.സിയുടെ ചുമതലയുള്ള പത്മജ വേണുഗോപാൽ അതൃപ്തി അറിയിച്ചെന്നും നേതാക്കൾ പറയുന്നുണ്ട്.

യോഗത്തിൽ നടന്നത്

കൈയ്യാങ്കളിയിൽ കലാശിച്ചത് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന യോഗം

പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പനെതിരെ ടി.എസ്. ആന്റോ രംഗത്തെത്തി

പൈലപ്പന്റെ നേതൃത്വം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് ആരോപണം

പോർവിളിക്ക് മുൻനിരയിൽ നിന്ന മണ്ഡലം പ്രസിഡന്റിന് എം.പിയുടെ താക്കീത്

ലോക്ക് ഡൗൺ മാനദണ്ഡം പാലിച്ച് നടന്ന യോഗം കൈയ്യാങ്കളിയുടെ വക്കിൽ