ചാവക്കാട്: കൊവിഡ് രോഗബാധയെ തുടർന്ന് ഹോട്ട് സ്‌പോട്ടായ മലപ്പുറം ജില്ലയിൽ നിന്ന് പൊലീസിന്റെ കണ്ണ് വെട്ടിച്ച് ചാവക്കാട് പാലുവായിലെത്തി തിരിച്ചുപോയ രണ്ട് മദ്രസ അദ്ധ്യാപർക്കെതിരെ പൊലീസ് കേസെടുത്തു. ഇവർക്ക് സൗകര്യങ്ങളൊരുക്കിയ പള്ളി കമ്മിറ്റി ഭാരവാഹികളായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 23ന് രാവിലെയാണ് പാലുവായ് മദ്രസയിലെ അദ്ധ്യാപകരായ രണ്ടു പേർ മലപ്പുറത്ത് നിന്ന് ഇവിടെ എത്തിയത്. പ്രദേശത്തെ ഇരുന്നൂറോളം വീടുകളിലെത്തി ഇവർ പണം പിരിച്ചെടുത്തതായി വിവരം ലഭിച്ചെന്ന് ചാവക്കാട് എസ്.എച്ച്.ഒ: അനിൽകുമാർ മേപ്പിള്ളി അറിയിച്ചു. 25 ന് ഇവർ തിരിച്ചു പോയി. ഇവർക്ക് സൗകര്യം ഒരുക്കി നൽകിയ ഭാരവാഹികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് മലപ്പുറത്തെ ആരോഗ്യ വകുപ്പിന് കൈ മാറി. ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചതായി അറിയുന്നു.