പാവറട്ടി: എളവള്ളി ഗ്രാമ പഞ്ചായത്തിൽ കൊവിഡുമായി ബന്ധപ്പെട്ട സന്നദ്ധ പ്രവർത്തനത്തിന് ഓൺ ലൈനായി പേര് രജിസ്റ്റർ ചെയ്തവരിൽ നിന്ന് യൂത്ത് കോൺഗ്രസ് കെ.എസ്.യു പ്രവർത്തകരിൽ ഒരാളെ പോലും അധികൃതർ പ്രവർത്തനത്തിന് വിളിക്കാത്തത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എളവള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.ജെ. സ്റ്റാൻലി, കളക്ടർക്ക് പരാതി നൽകി. സന്നദ്ധ പ്രവർത്തനത്തിന് തയ്യാറുള്ള മുഴുവൻ പേരെയും രാഷ്ട്രീയം നോക്കാതെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്താൻ അധികൃതർ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടു.
കോൺഗ്രസിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് യു.കെ. ലതികയും വൈസ് പ്രസിഡന്റ് ടി.ഡി. സുനിലും പ്രസ്താവനയിൽ പറഞ്ഞു. 200ൽ പരം പേർ സന്നദ്ധ പ്രവർത്തനത്തിനായി പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടിയിൽപെട്ടവരും ഇതിലുണ്ട്. സാമൂഹിക അകലം പാലിച്ച് ചെയ്യേണ്ട പ്രവർത്തനങ്ങൾക്ക് ആവശ്യാനുസരണം വളണ്ടിയർമാരെ മാത്രമേ നിയോഗിക്കാൻ കഴിയൂ എന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.