പാവറട്ടി: ഇന്ത്യൻ ചലച്ചിത്ര രംഗത്തെ മഹാപ്രതിഭയായി വിശേഷിപ്പിക്കുന്ന ശ്യാം ബെനഗലിന്റെ നൈസർഗികമായ ജീവിതവും സിനിമയും പ്രതിപാദിക്കുന്ന ഒരു ബൃഹത്തായ ഗ്രന്ഥത്തിന്റെ രചനിയിലാണ് പ്രശസ്ത പരിഭാഷാ സാഹിത്യകാരനായ രാജൻ തുവ്വാര. രണ്ടു വർഷം മുമ്പ് ആരംഭിച്ച ഗ്രന്ഥരചന ഇപ്പോൾ അവസാന ഘട്ടത്തിലാണ്. 200 ഓളം പേജ് വരുന്ന ഗ്രന്ഥം ശ്യാം ബെനഗലിന്റെ ചലച്ചിത്ര വീക്ഷണങ്ങളെയും സർഗ്ഗ ജീവിത മുഹൂർത്തങ്ങളും സമ്പൂർണ്ണമായി കോർത്തിണക്കിയാണ് രചിച്ചിരിക്കുന്നത്.

1980 കാലഘട്ടങ്ങളിൽ മുംബയിൽ ജോലി ചെയ്യുന്ന സമയത്താണ് ശ്യാം ബെനഗലിന്റെ ''അഗുർ' സിനിമ കണ്ടത്. അതിനു ശേഷം നിഷാന്ത്, മന്ദൻ തുടങ്ങിയ സിനിമകളും കണ്ടു. ആരോഗ്യ വകുപ്പിൽ നിന്ന് സീനിയർ സൂപ്രണ്ടായി വിരമിച്ച് എളവള്ളി ദുർഗ്ഗാക്ഷേത്രത്തിന് സമീപം താമസിക്കുന്ന രാജന് ഇപ്പോൾ വീണുകിട്ടിയ ഒഴിവുകാലം പുസ്തക രചനയ്ക്ക് ഗുണകരമായി.

ടാഗോറിന്റെ സമ്പൂർണ്ണ കൃതികൾ പരിഭാഷപ്പെടുത്താൻ രണ്ട് വർഷം സമയം രാജന് വേണ്ടിവന്നു. ലോകോത്തരമായ 100 ക്ലാസിക് ചെറുകഥകൾ അടുത്ത് തന്നെ മലയാള ഭാഷയിലേക്ക് പരിഭാഷപ്പെടുത്താനുള്ള ശ്രമത്തിലാണ് രാജൻ. വർഷങ്ങളുടെ സപര്യയിൽ ആ ഗ്രന്ഥവും മലയാള സാഹിത്യത്തിന് ഒരു മുതൽകൂട്ടാവും എന്ന് പ്രത്യാശിക്കാം.

തന്റെ സൃഷ്ടിയെ ആർട്ട് സിനിമയാക്കാതെ ആസ്വാദകർക്ക് ആസ്വദിക്കാവുന്ന രീതിയിലാണ് ശ്യാം ബെനഗലിന്റെ സംവിധാന രീതി. ഇത്തരം ഉൾക്കൊള്ളലുകൾ എല്ലാം കൂടി മനസ്സിലാക്കിയാണ് ഗ്രന്ഥരചനയ്ക്ക് ശ്രമിക്കുന്നത്. പുസ്തക രചനയ്ക്കായി അദ്ദേഹത്തിന്റെ സിനിമകൾ ഒരുപാട് തവണ കണ്ടു. നിരവധി അന്വേഷണങ്ങളിലൂടെ സഞ്ചരിക്കേണ്ടതായി വന്നിട്ടുണ്ട്.

- രാജൻ തുവ്വാര