തൃശൂർ: ഒല്ലൂരിൽ യുവാക്കളെ മർദിച്ച് കൈയൊടിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. എ.സി.പി വി.കെ രാജുവിന്റെ പ്രാഥമിക അന്വേഷണ റപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒല്ലൂർ സ്റ്റേഷനിലെ ഒരു എസ്.ഐയെയും രണ്ടു പൊലീസ് ഓഫീസർമാരെയും സ്ഥലം മാറ്റി. എസ്.ഐ സനോജ്, ഗ്രേഡ് എ.എസ്.ഐ ശശിധരൻ, പൊലീസ് ഓഫീസർ ഹരീഷ് എന്നിവരെയാണ് സ്ഥലം മാറ്റിയത്.
സനോജിനെ തൃശൂർ വെസ്റ്റ് സ്റ്റേഷനലേക്കും ശശിധരനെ ഗുരുവായൂരലേക്കും ഹരീഷിനെ എ.ആർ ക്യാമ്പലേക്കുമാണ് മാറ്റിയത്. സിറ്റി പൊലീസ് കമ്മിഷണർ ആർ . ആദിത്യയുടെ നിർദേശത്തെ തുടർന്ന് സിറ്റി പൊലീസ് അസി. കമ്മിഷണർ നൽകിയ റപ്പോർട്ടിനെ തുടർന്നാണ് നടപടി. ഇവർക്കെതിരെ വകുപ്പുതല നടപടിക്കും കമ്മിഷണർ റപ്പോർട്ട് നൽകിയിട്ടുണ്ട്. ഒല്ലൂർ സ്വാതിനഗറിലെ വീടിനടുത്ത് സംസാരിച്ചു കൊണ്ടിരുന്ന ബിൽബർട്ട് (19), ജോളി മോൻ (18), ആകാശ് (20), ബാജയോ(24) എന്നിവരെയാണ് പൊലീസ് ക്രൂരമായി മർദിച്ചത്. മർദ്ദനത്തിൽ ഒരാളുടെ കൈയൊടിഞ്ഞിരുന്നു. മഫ്തിയിലെത്തിയ പൊലീസുകാർ യുവാക്കളെ മർദ്ദിക്കുകയായിരുന്നു. യുവാക്കളുടെ കൈയിലുണ്ടായിരുന്ന നാല് വില കൂടിയ മൊബൈലുകളും ബൂട്ടിട്ട് ചവിട്ടി തകർത്തു. പരക്കേറ്റ നാലുപേരും ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തെ തുടർന്ന് മുഖ്യമന്ത്രിക്കും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകി..