തൃശൂർ: വ്യാജ വാറ്റ് കേന്ദ്രങ്ങളുടെ വർദ്ധനവിൽ പൊറുതി മുട്ടി എക്‌സൈസ് വകുപ്പ്. ദിവസം ചെല്ലുംതോറും കൂടുതൽ സ്ഥലങ്ങളിൽ വ്യാജ വാറ്റ് കണ്ടെത്തുകയാണ്. നേരത്തെ മലയോര മേഖല, ഗ്രാമങ്ങളിലെ പുഴയോരങ്ങൾ, കുളങ്ങൾ എന്നിവിടങ്ങളിലാണ് കൂടുതലായി വാറ്റ് കേന്ദ്രം കണ്ടെത്തിയിരുന്നെങ്കിൽ നഗര പ്രദേശങ്ങളിലേക്ക് കൂടി ഇത് വ്യാപിച്ചു തുടങ്ങി.
കഴിഞ്ഞ ദിവസം സിറ്റി പൊലീസ് പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് വാറ്റ് ഉപകരണം കണ്ടെത്തി നശിപ്പിച്ചിരുന്നു. ഡ്രോൺ ഉൾപ്പെടെയുള്ള ആധുനിക സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തിയിട്ടും ഇത്തരം കേന്ദ്രങ്ങളിൽ ചെന്നെത്താൻ സാധിക്കാത്ത അവസ്ഥയുമുണ്ട്. ബാറുകൾ പൂട്ടിയിരുന്നെങ്കിലും പിൻവാതിൽ വിൽപ്പന തകൃതിയായി നടക്കുന്നതായാണ് വിവരം.
ബാർ മാനേജർമാർ വഴിയാണ് പലരും മദ്യം സംഘടിപ്പിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ എക്‌സൈസ് അധികൃതരെത്തി ബാറുകൾ സീൽ ചെയ്യുകയായിരുന്നു. യു ട്യൂബ് വഴി നേരത്തെ ചില കേന്ദ്രങ്ങളിൽ മാത്രമാണ് ചാരായം ഉത്പാദിപ്പിച്ചിരുന്നെങ്കിൽ ഇപ്പോൾ യു ട്യൂബ് നോക്കി വീടുകളിൽ പോലും വാറ്റുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യുന്നു.
മിലിട്ടറിക്കും വൻ ഡിമാൻഡ്
മിലിട്ടറിക്കാർക്ക് ലഭിക്കുന്ന മദ്യത്തിന് വൻഡിമാൻഡാണ്. ഇത്തരത്തിൽ മദ്യം ലഭിക്കുന്നവരിൽ ഭൂരിഭാഗം പേരും കൂടുതൽ വിലയ്ക്കാണ് വിൽക്കുന്നത്. മൂന്നിരട്ടി വിലയ്ക്കാണ് വിൽപ്പന. ബാറുകളിൽ നിന്ന് ഒരു ഫുൾ ബോട്ടിൽ ആയിരം രൂപയ്ക്ക് നൽകിയിരുന്നത് ലോക്ക് ഡൗൺ കാലത്ത് അത് 3500 രൂപ വരെയായി. ചാരായം ലിറ്ററിന് 2,000 രൂപയ്ക്കാണ് കൊടുക്കുന്നത്
..............
ചില കേന്ദ്രങ്ങളിൽ ലഭിക്കുന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പരിശോധന നടത്തുന്നത്. ജനങ്ങൾ കൂടുതൽ പുറത്തിറങ്ങാത്തത് ഇവർക്ക് തണലാവുകയാണ്. ഇത്തരക്കാരെ കണ്ടെത്താൻ ജനങ്ങളുടെ സഹകരണം ആവശ്യമാണ്.
സാനു
എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ തൃശൂർ