ration-prathishedham
കോൺഗ്രസ് എടത്തിരുത്തി മണ്ഡലം കമ്മിറ്റി റേഷൻ കടകൾക്ക് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സജയ് വയനപ്പിള്ളിൽ ഉദ്ഘാടനം ചെയ്യുന്നു.

കയപമംഗലം: ബി.പി.എൽ (പിങ്ക്) കാർഡുടമകൾക്ക് സർക്കാർ നൽകുന്ന ഭക്ഷ്യ ധാന്യകിറ്റുകളുടെ വിതരണത്തിൽ അപാകതയെന്ന് ആരോപണം. ഇത് പരിഹരിക്കണമെന്നാവശ്യപെട്ട് കോൺഗ്രസ് എടത്തിരുത്തി മണ്ഡലം കമ്മിറ്റി എടത്തിരുത്തിയിലെ റേഷൻ കടകൾക്ക് മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചു. എടത്തിരുത്തി പഞ്ചായത്തിലെ ഓരോ റേഷൻ കടകളിലും 200 ഓളം ബി.പി.എൽ കുടുംബങ്ങളാണ് ഉള്ളത്. ഇവർക്കായി 200 കിറ്റുകളും. ഒരു ദിവസം കൊണ്ട് കൊടുത്തു തീർക്കേണ്ട കിറ്റ് 10 ദിവസമെടുത്താണ് കൊടുക്കുന്നത്. ഒന്നരയാഴ്ച എടുത്താണ് കിറ്റുകൾ തയ്യാറാക്കി റേഷൻ കടകളിലേക്ക് എത്തിച്ചിട്ടുള്ളത്. സോപ്പുകളടങ്ങിയ കിറ്റുകൾ ദിവസങ്ങളോളം ഇരിക്കുമ്പോൾ ആരോഗ്യപരമായ പ്രശ്‌നങ്ങൾക്ക് സൃഷ്ടിക്കുമെന്നും കോൺഗ്രസ് നേതാക്കൾ ചുണ്ടിക്കാട്ടി. കൂടാതെ പല്ലി,പാറ്റ,എലി മുതലായവ കയറി ഉപയോഗ ശൂന്യമാക്കുന്നതിന് മുമ്പ് എത്രയും പെട്ടെന്ന് ബി.പി.എൽ കാർഡുടമകൾക്ക് കിറ്റുകൾ കൊടുത്തു തീർക്കണമെന്നും മണ്ഡലം കോൺഗ്രസ് ആവശ്യപെട്ടു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സജയ് വയനപ്പിള്ളിൽ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഉമറുൽ ഫാറൂക്ക് അദ്ധ്യക്ഷത വഹിച്ചു. വിവിധ റേഷൻ കടകളിലായി നടത്തിയ പ്രതിഷേധത്തിന് പി.ഡി. സജീവ്, മുഹമ്മദ് സഗീർ, കെ.കെ. അൻവർ, ലൈല മജീദ്, പി.എം. നസീർ, ടി.എ. അബ്ദുള്ള, ഷിബു കാക്കര പീടികയിൽ, പി.എ. നാസർ, തങ്ക അല്ലപ്പുഴ നേതൃത്വം നൽകി

അതേസമയം സർക്കാർ നിർദ്ദേശ പ്രകാരം സാമൂഹിക അകലം പാലിച്ചു മാത്രമേ കിറ്റുകൾ മാത്രമേ വിതരണം ചെയ്യാൻ കഴിയൂ എന്ന് സിവിൽ സപ്ലൈസ് അധികൃതർ വ്യക്തമാക്കി. ശുചീകരിച്ച മുറികളിൽ കിറ്റുകൾ സൂക്ഷിക്കണമെന്ന് റേഷൻ വ്യാപാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.