atcr

തൃശൂർ: പ്രവാസികളെ തിരികെയെത്തിക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി വിമാനത്താവളങ്ങളിലെ റൺവേയും എയർ ട്രാഫിക് കൺട്രോൾ റൂമും വിമാനങ്ങളും പ്രവർത്തനസജ്ജമാകുന്നു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും ഇതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളെല്ലാം പ്രവാസികൾക്കായി ഒരുങ്ങുകയാണ്.

വിമാനത്താവളങ്ങളിലെ എല്ലാ വിഭാഗങ്ങളും നാമമാത്രമായ രീതിയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. പൂർണമായി പ്രവർത്തനത്തിന് സജ്ജമാകുമ്പോൾ യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്യാനുള്ള നടപടികളുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്ര വ്യോമയാന വിഭാഗത്തിന്റെ മാർഗനിർദ്ദേശം പുറത്തിറങ്ങിയിട്ടുണ്ട്. റൺവേയിലെ വെളിച്ചം ഇത്ര കാലം പ്രവർത്തിക്കാത്തതു കൊണ്ട് അത് പരിശോധിക്കും. അതിന്റെ റീഡിംഗും പരിശോധിക്കും. കേരളത്തിലെ വിമാനത്താവളങ്ങളിൽ സ്വകാര്യമേഖലയിലുള്ളവ ഉൾപ്പെടെ മുപ്പതോളം വിമാനങ്ങളാണ് നിറുത്തിയിട്ടിട്ടുള്ളത്. അവയുടെയെല്ലാം പ്രവർത്തനക്ഷമത വിലയിരുത്തും.

വിമാനങ്ങളുടെ പരിശോധന

എയർ ക്രാഫ്റ്റ് എൻജിനീയർമാരുടെ നേതൃത്വത്തിൽ എൻജിനുകളുടെ മുൻ, പിൻ ഭാഗങ്ങൾ പരിശോധിക്കും. ചൂട്, തണുപ്പ്, മിന്നൽ, കാറ്റ്, കീടം എന്നിവ മൂലം എൻജിനുകളുടെ ബാഹ്യഭാഗത്തിന് തകരാറില്ലെന്ന് ഉറപ്പാക്കും. ഓക്‌സിജൻ സിലിണ്ടർ, അഗ്‌നിശമന ഉപകരണങ്ങൾ, ലാൻഡിംഗ് ഗിയറുകൾ, ടയറുകൾ എന്നിവ പ്രവർത്തന ക്ഷമമാക്കും. ഇലക്ട്രിക്കൽ, ഇലക്ട്രോണിക് സംവിധാനങ്ങൾ, വാതിലുകൾ, വെന്റിലേറ്ററുകൾ, വാൽവുകൾ എന്നിവ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ലൂബ്രിക്കേഷൻ സംവിധാനം, ബാറ്ററി എന്നിവയുടെ പ്രവർത്തനവും വിലയിരുത്തും. ഇന്ധന, ജലശേഖരണ സംവിധാനങ്ങളുടെ മലിനീകരണ തോതും രേഖപ്പെടുത്തും.

എയർ ട്രാഫിക് കൺട്രോൾ

ഇത് മൂന്ന് നിലയിലാണ് പ്രവർത്തിക്കുന്നത്. 1. എയർ ട്രാഫിക് കൺട്രോൾ റൂം. വിമാനങ്ങളുടെ ലാൻഡിംഗും ടേക്ക് ഓഫും ഇതിന്റെ പരിധിയിലാണ്. 2. അപ്രോച്ച് കൺട്രോൾ യൂണിറ്റ്. വിമാനം അടുത്ത യൂണിറ്റിലേക്ക് ട്രാൻസ്‌ഫർ ചെയ്യുന്നതുവരെ ഇവരുടെ നിരീക്ഷണത്തിലാണ്. 3. ഏരിയ കൺട്രോൾ സർവീസ്. 15,​000 അടിക്ക് മുകളിലെത്തുമ്പോൾ ഇവരുടെ നിയന്ത്രണത്തിലാണ് വിമാനം. ഈ മൂന്ന് വിഭാഗത്തിലെയും തുടർച്ചയായി ജോലി ചെയ്യാത്ത ജീവനക്കാരുടെയും പൈലറ്റുമാരുടെയും മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് വേണം. ഇവരുടെ കാര്യക്ഷമതാ ശേഷി കുറയാതിരിക്കാനാണിത്. ഒപ്പം ഇവരുടെ സെൽഫ് ഡിക്ലറേഷനും ഹാജരാക്കണം.