കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നഗരത്തിലെ പ്രധാന പാതയായ വൺവെ റോഡിന്റെ പുനർ നിർമ്മാണം ആരംഭിച്ചു. താലൂക്ക് ഗവ.ആശുപത്രിയുടെ പടിഞ്ഞാറ് ഭാഗത്ത് നിന്ന് നഗരസഭാ ബസ് സ്റ്റാൻഡിലേയ്ക്കുള്ള വൺവെ റോഡാണ് ഇപ്പോൾ കട്ട വിരിച്ച് പുനർനിർമ്മിക്കുന്നത്. 60 ലക്ഷം രൂപയാണ് നഗരസഭ ഇതിനായി വകയിരുത്തിയിട്ടുള്ളത്. ആദ്യഘട്ടത്തിലും രണ്ടാം ഘട്ടത്തിലും 30 ലക്ഷം രൂപ വീതമാണ് ഇതിനായി മാറ്റിവച്ചിട്ടുള്ളത്. ആദ്യ ഘട്ട നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. ബസ് സ്റ്റാൻഡിൽ നിന്ന് തെക്കോട്ടാണ് കട്ട പാകി തുടങ്ങിയത്.
നിർമ്മാണത്തിനായുള്ള ഫണ്ട് സർക്കാരിൽ നിന്നും ലഭിക്കാൻ കഴിഞ്ഞ വർഷം നഗരസഭാ ചെയർമാൻ, എം.എൽ.എയുമായി ബന്ധപ്പെട്ടിരുന്നു. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഇടപെട്ടതിന്റെ ഫലമായി സംസ്ഥാന സർക്കാരിന്റെ ബഡ്ജറ്റിൽ ഫണ്ട് ഉൾപ്പെടുത്തിയെങ്കിലും ചില സാങ്കേതിക തടസ്സങ്ങളാൽ ലഭ്യമായില്ല. തുടർന്നാണ് 2019 -20 വർഷത്തിൽ ആദ്യ ഘട്ട നിർമ്മാണത്തിന് നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ നീക്കിവച്ച് ടെണ്ടർ വിളിച്ചത്. കരാറുകാരൻ നിർമ്മാണ സാമഗ്രികൾ ഇറക്കിയെങ്കിലും ട്രഷറിയിൽ നിന്നും കരാറുകാരന്റെ കുടിശ്ശിക ലഭ്യമാകാത്ത കാരണത്താൽ പണി ആരംഭിക്കുവാൻ കഴിഞ്ഞില്ല.
അതിനിടെ കരാറുകാർ സംസ്ഥാനത്ത് പണിമുടക്കാരംഭിച്ചതിനെ തുടർന്ന് പണി നടന്നില്ല. ഇതിനിടെ മറ്റൊരു കരാറുകാരൻ നിർമ്മാണം ഏറ്റെടുത്ത് പണി തുടങ്ങിയെങ്കിലും അന്നേ ദിവസം കൊറോണയെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ലോക്ക് ഡൗൺ ഇളവിനെ തുടർന്നാണ് ഇപ്പോൾ പണിതുടങ്ങിയത്.
ഓരോ വർഷവും പരിപാലനത്തിനായി വലിയ സംഖ്യ ചെലവാക്കിയിട്ടും റോഡ് പൊട്ടിപ്പൊളിയുന്ന സാഹചര്യത്തിലാണ് കട്ട വിരിക്കുവാൻ തീരുമാനിച്ചത്. ഇതോടു കൂടി റോഡിന്റെ സുരക്ഷിതത്വത്തിന് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
........................................
ഇപ്പോൾ നടക്കുന്ന ആദ്യഘട്ട നിർമ്മാണം ഒരാഴ്ചക്കകം പൂർത്തീകരിക്കും. രണ്ടാം ഘട്ടത്തിന്റെ സാങ്കേതികാനുമതി ലഭിച്ചു കഴിഞ്ഞാൽ വീണ്ടും ടെണ്ടർ വിളിച്ച് പണി കരാർ നൽകും. നഗരസഭാ ബസ് സ്റ്റാൻഡിന്റെ തെക്ക് ഭാഗത്ത് ലോറി സ്റ്റാൻഡും ഉടൻ തന്നെ ടൈൽ വിരിച്ച് സൗകര്യപ്രദമാക്കും. ഇതിനായി ഈ വർഷം പദ്ധതിയിൽ 25 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. ലോക്ക് ഡൗൺ കഴിഞ്ഞാൽ അതിന്റെ പ്രവർത്തനം ആരംഭിക്കും.
- കെ.ആർ. ജൈത്രൻ (നഗരസഭാ ചെയർമാൻ)
ആദ്യഘട്ടത്തിൽ 230 മീറ്റർ
ഇപ്പോൾ കട്ട വിരിക്കുന്നത് 500 മീറ്റർ നീളം വരുന്ന വൺവെ റോഡിന്റെ 230 മീറ്റർ
കട്ട വിരിച്ച് റോഡിന്റെ രണ്ട് വശവും കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തും
ബാക്കിയുള്ളത് രണ്ടാം ഘട്ടത്തിൽ
നൂറ് കണക്കിന് ബസ്സുകൾ ഓടുന്നതിനാൽ ബസ് സ്റ്റാൻഡിനോട് ചേർന്ന ഭാഗം കമ്പിയിട്ടാണ് കോൺക്രീറ്റിംഗ്