തൃശൂർ: കൊവിഡ് സൃഷ്ടിക്കാവുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അത്യാഡംബര കല്യാണമണ്ഡപങ്ങൾ ഉൾപ്പെടെ പ്രത്യുത്പാദനപരമല്ലാത്ത നിർമ്മാണ പദ്ധതികൾ നിറുത്തി വയ്ക്കണമെന്ന് കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ. 31 കോടി ചെലവിൽ നാല് നിലകളിൽ സംസ്ഥാനത്തെ തന്നെ ഏറ്റവും ചെലവേറിയ അത്യാഡംബര കല്യാണ മണ്ഡപത്തിനാണ് അരണാട്ടുകരയിൽ ടാഗോർ ഹാളിന് പ്ലാൻ തയ്യാറാക്കിയിട്ടുള്ളത്.

100 കോടിയിൽ താഴെ ചെലവ് വരുന്ന മറ്റ് നാല് കല്യാണ മണ്ഡപങ്ങൾക്ക് കൂടി മറ്റു മേഖലകളിൽ നിർമ്മിക്കാൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. അതിസമ്പന്നർക്ക് പോലും പ്രയോജനപ്പെടാത്ത ലക്ഷങ്ങൾ വാടക വരുന്ന കല്യാണമണ്ഡപങ്ങൾ ആർക്ക് വേണ്ടിയാണെന്ന് പോലും വ്യക്തമല്ല. പട്ടാളം റോഡിൽ വൈദ്യുതി വിഭാഗത്തിനായി 40 കോടി ചെലവിലും, ശക്തനിൽ കോർപറേഷന് വേണ്ടിയും ഓഫീസ് ഉൾപ്പെടെ 200 കോടിയുടെ ഓഫീസ് സമുച്ചയങ്ങൾക്കും ഡി.പി.ആർ തയ്യാറാക്കുന്നുണ്ട്.

നാലരവർഷത്തെ എൽ.ഡി.എഫ് ഭരണത്തിൽ പ്ലാനുകൾ തയ്യാറാക്കി പണം നൽകിയതല്ലാതെ ഒരൊറ്റ നിർമ്മാണം പോലും തുടങ്ങിയിട്ടില്ലെന്നും രാജൻ പല്ലൻ പറഞ്ഞു.