പുതുക്കാട്: 'നല്ല തേൻവരിക്ക ചക്ക.... ഗേറ്റിനുള്ളിൽ ഇരിപ്പുണ്ട്. സ്വന്തം ആവശ്യത്തിന് ആരോടും അനുവാദം ചോദിക്കാതെ കൊണ്ടുപോകം'... തെക്കെ തൊറവ് പുളിക്കൽ വീട്ടിൽ പ്രകാശ് ബാബുവിന്റെ വീടിന് മുന്നിലെ ഈ ബോർഡ് കണ്ടവരാരും ഒന്ന് നിൽക്കാതിരിക്കില്ല.
വീട്ടിൽ ഒരു പ്ലാവ് മാത്രമേയുള്ളൂ. എങ്കിലും നൂറു കണക്കിന് ചക്കകൾ പ്ലാവിലുണ്ട്. അണ്ണാനും വവ്വാലുകളും മത്സരിച്ചാണ് ചക്ക തിന്നുന്നത്. ഇതിന്റെ വൃത്തികേട് പ്ലാവിന്റെ താഴെയുമുണ്ട്. താഴെയുള്ള ചക്കക്കൾ പറിച്ച് അയൽ വീട്ടുകാർക്ക് കൊടുത്തു. നാട്ടിൻ പുറത്തായതിനാൽ എല്ലാ വീട്ടിലും ചക്ക ഉള്ളതിനാൽ വലിയ ഡിമാന്റില്ല. അപ്പോഴാണ് ഈവിദം ഒരാശയം തോന്നിയത്.
ഒരു സുഹൃത്ത് ചക്ക പറിക്കാൻ സഹായിച്ചു. വൈകിട്ടായപ്പോഴേക്കും ചക്കകൾ എല്ലാം ആവശ്യമുള്ളവർ കൊണ്ടുപോയി. അതോടെ ഗൃഹനാഥനായ പ്രകാശ് ബാബുവിന് നിറഞ്ഞ സംതൃപ്തി. സതേൺ റെയിൽവേയിൽ ലോക്കോ പൈലറ്റാണ് ഇദ്ദേഹം. ലോക്ക് ഡൗണിന്റെ ഭാഗമായി വീട്ടിൽ ഇരുന്നപ്പോൾ തോന്നിയതാണ് ചക്ക കൊടുക്കൽ.
ഫോട്ടോ സോഷ്യൽ മീഡിയായിൽ പങ്കുവച്ചപ്പോൾ വൈറലായി. തെക്കെ തൊറവ് വള്ളിക്കുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തിന് മുൻപിലാണ് പ്രകാശ് ബാബുവിന്റെ ചക്ക നിറഞ്ഞ പുരയിടം.