കൊടുങ്ങല്ലൂർ: വിവാഹ വാർഷികം ആഘോഷമാക്കുവാൻ നീക്കിവച്ച സംഖ്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്ത് മാതൃകയായി ദമ്പതികൾ. കൊടുങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും മുൻ ഡെപ്യൂട്ടി തഹസിൽദാറുമായ എം.കെ. പുരുഷോത്തമനും ഭാര്യ കൊച്ചമ്മു ടീച്ചറുമാണ് 50-ാം വിവാഹ വാർഷികാഘോഷം മാറ്റി വച്ച് സംഭാവന നൽകിയത്. സർക്കാർ സർവീസ് പെൻഷൻകാരായ രണ്ടു പേരും കൂടി 25,000 രൂപയുടെ ചെക്ക് കൊടുങ്ങല്ലൂർ നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രന് കൈമാറി. കഴിഞ്ഞ പ്രളയത്തിനും 76 കാരനായ പുരുഷോത്തമനും കൊച്ചമ്മുവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പെൻഷൻ വിഹിതം സംഭാവന ചെയ്തിരുന്നു. ഭാര്യ കൊച്ചമ്മു സർക്കാർ സ്‌കൂളിലെ റിട്ട. അദ്ധ്യാപികയാണ്.