ചാലക്കുടി: ലോക്ക് ഡൗണിന് ഇളവുകൾ വന്നതോടെ ജനങ്ങൾ കൂട്ടത്തോടെ തെരുവിലിറങ്ങുന്നതിൽ ആശങ്ക. അഭൂതപൂർവമായിരുന്നു ചാലക്കുടിച്ചന്തയിൽ തിങ്കളാഴ്ച അനുഭവപ്പെട്ട തിക്കും തിരക്കും. പച്ചക്കറിക്കടകളിൽ കൂട്ടംകൂടി നിന്ന ജനങ്ങൾ കൊവിഡ് 19 പ്രോട്ടോക്കോൾ കാറ്റിൽപറത്തുന്ന കാഴ്ചയാണ് കണ്ടത്.
കള്ളുഷാപ്പ് റോഡിലെ പച്ചക്കറിക്കടയിൽ അമ്പതോളം പേരാണ് ഒന്നിച്ചു നിന്നത്. പൊലീസും വ്യാപാരി സമിതി പ്രവർത്തകരും നിർദ്ദേശിച്ചിട്ടും ഫലമുണ്ടായില്ല. പലചരക്ക് കടകളിലും അവസ്ഥയും മറിച്ചല്ല. എണ്ണമറ്റ വാഹനങ്ങളും ഒരേ സമയം കടന്നുവന്നപ്പോൾ ഗതാഗത സ്തംഭനവുമുണ്ടായി.
ലോക്ക് ഡൗൺ കാലഘട്ടത്തിൽ ചാലക്കുടി മാർക്കറ്റ് റോഡിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക് ഒരേസമയം ഭീതിയും കൗതുകവുമായി. ഇതിനിടെ നിർദ്ദേശം ലംഘിച്ച് തുറന്നു പ്രവർത്തിച്ച കടകൾ പൊലീസ് അടപ്പിച്ചു. മാർക്കറ്റ് റോഡിലെ തുണിക്കടകളാണ് അടപ്പിച്ചത്.
ജനത്തിരക്ക് നിയന്ത്രിക്കും
ചാലക്കുടി: മാർക്കറ്റിൽ ക്രമാതീതമായ അനുഭവപ്പെടുന്ന ജനത്തിരക്ക് നിയന്ത്രിക്കുന്നതിന് ബി.ഡി. ദേവസി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന നഗരസഭാ, ഉദ്യോഗസ്ഥ മേധാവികളുടെ യോഗം തീരുമാനിച്ചു. നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, നഗരസഭാ സെക്രട്ടറി എം.എസ്. ആകാശ്, ഡിവൈ.എസ്.പി: സി.ആർ. സന്തോഷ്, ഫയർഫോഴ്‌സ് സ്റ്റേഷൻ ഓഫീസർ സി.ഒ. ജോയ്, മർച്ചന്റ്‌സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ജോയ് മൂത്തേടൻ, ചുമട്ടുതൊഴലാളി യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു. റസ്റ്റ് ഹൗസിൽ സാമൂഹിക അകലം പാലിച്ചായിരുന്നു യോഗം.
മാർക്കറ്റ് ഇനിമുതൽ
ഉച്ചയ്ക്ക് 12 വരെ മാർക്കറ്റ് മൊത്ത കച്ചവടക്കാർക്ക്
12ന് ശേഷം വ്യക്തികൾക്ക് പലവ്യഞ്ജനങ്ങൾ വാങ്ങാം
കടകളിൽ എത്തുന്നവർ സാമൂഹിക അകലം പാലിക്കണം
ഡ്രൈവർമാരും ചുമട്ടു തൊഴിലാളികളും സാമൂഹിക അകലം പാലിക്കണം
പ്രവർത്തനം നിരീക്ഷിക്കുന്നതിന് പൊലീസ് സേവനം