food
ഭക്ഷണപ്പൊതികൾ ശേഖരിക്കുന്ന പ്രവർത്തകർ

ചാലക്കുടി: ലോക്ക് ഡൗൺ കാലത്തും മെഡിക്കൽ കോളേജിലേക്ക് ഉച്ചഭക്ഷണം എത്തിക്കുന്ന ദൗത്യം വിജയകരമാക്കി ചാലക്കുടിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ. സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 1600 ഓളം ഭക്ഷണപ്പൊതികളുമായാണ് കഴിഞ്ഞ ദിവസം മുളങ്കുന്നത്തുകാവിലെ ആശുപത്രി അങ്കണത്തിലേക്ക് പോയത്.

ലോക്ക് ഡൗൺ കാലത്തും വീടുകളിലെത്തി ആവശ്യം പറഞ്ഞപ്പോൾ നിറഞ്ഞ മനസോടെ ജനങ്ങൾ ഇതിനോട് സഹകരിക്കുകയായിരുന്നു. മെഡിക്കൽ കോളേജിലെ രോഗികൾക്കും അവരോടപ്പമുള്ളവർക്കുമാണ് കഴിഞ്ഞ മൂന്നു വർഷമായി ജില്ലയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഉച്ചഭക്ഷണം എത്തിക്കുന്നത്. ചാലക്കുടി സൗത്ത് മേഖലാ കമ്മിറ്റിയുടെ ഈ ഊഴത്തിനെ ഇരുകൈയും നീട്ടിയാണ് നാട്ടുകാർ സ്വീകരിച്ചത്.

കൂടപ്പുഴയിലെ ചെഗുവേര യൂണിറ്റ് ശേഖരിച്ച മുന്നൂറടക്കം ഭക്ഷണപ്പൊതികളാണ് ജില്ലയിലെ ഏറ്റവും വതിയ ആതുരാലയത്തിലേക്ക് കൊണ്ടുപോയത്. മേഖലാ സെക്രട്ടറി പ്രിൻസ് പീറ്ററായിരുന്നു കഴിഞ്ഞ ദിവത്തെ കഠിന പ്രയത്‌നത്തിന് മുൻനിരയിൽ. കമ്മ്യൂണിറ്റി കിച്ചണിലെ വളണ്ടിയർമാരാണ് പ്രിൻസും പ്രസിഡന്റ് പി.ഒ. ബിനുവും വൈസ് പ്രസിഡന്റ് ടി.സി. സുമേഷുമെല്ലാം. ലോക്ക് ഡൗൺ കാലത്തെ ദൗത്യത്തിന് ഭംഗം വരുത്താതെയാണ് ആറുമാസം കൂടുമ്പോൾ വന്നു ചേരുന്ന മെഡിക്കൽ കോളേജിലേക്കുള്ള ഭക്ഷണപ്പൊതികളുടെ ഉത്തരവാദിത്വം വെല്ലുവിളിയായി നെഞ്ചിലേറ്റിയത്.

കഴിഞ്ഞ തവണ പൊതികളുടെ എണ്ണം 2500 ആയിരുന്നെന്നും കൊവിഡ് ലോക്ക് ഡൗൺ ആയതിനാൽ എണ്ണം കുറയുകയായിരുന്നുവെന്ന് പ്രിൻസ് പീറ്റർ പറഞ്ഞു. കെ.പി. ബൈജു, വി.ഡി. ബാബു, ഷാഹിദ് ഷെമീർ തുടങ്ങിയവരും കൂടപ്പുഴയിലെ ഭക്ഷണ ശേഖരത്തിൽ പങ്കാളികളായി.