തൃപ്രയാർ: ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് തീരദേശ പഞ്ചായത്തുകളിൽ മിക്കാവറും കടകൾ തുറന്നു പ്രവർത്തിച്ചു. തൃപ്രയാർ ടൗൺ, വലപ്പാട്, വാടാനപ്പിള്ളി എന്നിവിടങ്ങളിൽ കടകൾ തുറന്നു. ജ്വല്ലറി, ടെക്സ്റ്റയിൽസ് എന്നിവ പ്രവർത്തിച്ചില്ല. ഹോട്ടലുകളിൽ പാർസൽ മാത്രമാണ് നൽകിയത്. എന്നാൽ തളിക്കുളത്ത് ഇളവുകളെ തുടർന്ന് വിവിധ വ്യാപാരസ്ഥാപനങ്ങൾ രാവിലെ മുതൽ തുറന്നു പ്രവർത്തിച്ചു. മാർഗ്ഗരേഖ ലംഘിച്ച് ഹോട്ടലുകളും ചായക്കടയും കച്ചവടം നടത്തിയെന്ന് കാണിച്ച് തളിക്കുളം കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി. പാഴ്‌സൽ മാത്രമേ നൽകാവൂ എന്ന് കർശന നിർദ്ദേശം നൽകി. തുറന്നിരുന്ന ടെക്സ്റ്റയിൽ ഷോപ്പ് അടപ്പിച്ചു. തളിക്കുളം കെ.എസ്.ഇ.ബി ഓഫീസിൽ ലോക്ക് ഡൗൺ ലംഘിച്ച് ആലപ്പുഴയിൽ നിന്നെത്തിയ രണ്ട് ജീവനക്കാരെ നിരീക്ഷണത്തിലാക്കി. ഹെൽത്ത് ഇൻസ്‌പെക്ടർ ടി.പി ഹനീഷ്‌കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ.എ ജിതിൻ, പി.എം. വിദ്യാസാഗർ എന്നിവർ നേതൃത്വം നൽകി.