തൃശൂർ: ലോക്ക് ഡൗണിന് ശേഷം മടങ്ങിയെത്തുന്ന പ്രവാസികളെ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പ് അതിവേഗത്തിൽ. നാട്ടിലേക്ക് വരുന്നവരുടെ രജിസ്‌ട്രേഷൻ നോർക്കയുടെ നേതൃത്വത്തിൽ ആരംഭിച്ച പശ്ചാത്തലത്തിലാണ് നേരത്തെ ആരംഭിച്ച ഒരുക്കം ജില്ലാ ഭരണകൂടം ഊർജ്ജിതമാക്കിയത്.
ഇത് സംബന്ധിച്ച് പ്രത്യേക അവലോകന യോഗം ഡെപ്യൂട്ടി കളക്ടറും നോഡൽ ഓഫീസറുമായ കെ. മധുവിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. റവന്യൂ, ആരോഗ്യം, തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, ആയുഷ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. വ്യോമ ഗതാഗതം തുറന്നാൽ വയോജനങ്ങൾ, കുട്ടികൾ, ഗർഭിണികൾ, രോഗികൾ, ജയിൽ മോചിതർ, വിസാ കാലാവധി തീർന്നവർ എന്നിവരെയാണ് ആദ്യഘട്ടത്തിൽ നാട്ടിലെത്തിക്കുക. തിരികെയെത്തുന്ന പ്രവാസികളുടെ എണ്ണവും വരുന്ന തിയതിയും സംബന്ധിച്ച അന്തിമവിവരം ലഭിക്കുന്നതിന് മുമ്പുതന്നെ പരമാവധി സജ്ജീകരണം ഒരുക്കും.
തിരിച്ചെത്തുന്ന പ്രവാസികളിൽ അസുഖ ലക്ഷണങ്ങളുള്ളവരെ എയർപോട്ടിൽ നിന്നും നേരിട്ട് കൊവിഡ് കെയർ സെന്ററുകളിൽ ക്വാറന്റൈനിൽ പ്രവേശിപ്പിക്കും. ഇതിനാവശ്യമായ ഇടം കണ്ടെത്തുന്നത് അടക്കമുള്ള കാര്യങ്ങൾ ആദ്യഘട്ടത്തിൽ പരിശോധിക്കും. വീടുകളിൽ ക്വാറന്റൈൻ സൗകര്യമൊരുക്കാൻ കഴിയാത്ത പ്രവാസികൾക്കായി സർക്കാർ സ്ഥലം കണ്ടെത്തും. സ്വകാര്യ ഹോട്ടൽ മുറികൾ, റിസോർട്ടുകൾ, കോളേജ് ഹോസ്റ്റലുകൾ എന്നിവിടങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തും. കണ്ടെത്തിയ ഇടങ്ങളിൽ ശുചിമുറികൾ അടക്കമുള്ള സൗകര്യം ഉണ്ടെന്ന് ഉറപ്പുവരുത്തിയാകും ഏറ്റെടുക്കൽ നടപടികൾ. പെയ്ഡ്, അൺപെയ്ഡ് വിഭാഗങ്ങളായി തരം തിരിച്ചാണ് പാർപ്പിടം പ്രവാസികൾക്ക് അനുവദിക്കുക. ഏഴ് താലൂക്കുകളിലെ തഹസിൽദാർമാരുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്.