എരുമപ്പെട്ടി: കടങ്ങോട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.കെ. സുലൈമാനെയും കടവല്ലൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സി.വി മുത്തുവിനെയും കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദേശപ്രകാരം എരുമപ്പെട്ടി സി.ഐ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തുവെന്നാരോപിച്ച് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പഞ്ചായത്തിന്റെ വിവിധ വാർഡുകളിലും പ്രധാന സെന്ററുകളിലും ലോക്ക് ഡൗൺ നിബന്ധനകൾ പാലിച്ചാണ് പ്രതിഷേധിച്ചത്. കോൺഗ്രസ് പ്രവർത്തകരെ മാത്രം തിരഞ്ഞുപിടിച്ച് കള്ളക്കേസുകൾ എടുത്തുകൊണ്ടിരിക്കുന്ന പൊലീസ് നടപടികൾ തുടർന്നു പോകുകയാണെങ്കിൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് ഡി.സി.സി സെക്രട്ടറി വി.കെ. രഘുസ്വാമി അറിയിച്ചു.