amrutham-reji-

ലോക ഭൂപടത്തിൽ ചരിത്രം കേരളത്തെ വീണ്ടും അടയാളപ്പെടുത്തുകയാണ്. രാജ്യത്തെ കൊവി‌ഡ് ബാധിതരിൽ അഞ്ചിലൊരു ഭാഗമുണ്ടായിരുന്ന കേരളം, മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യ മന്ത്രി ശൈലജ ടീച്ചറുടെയും മറ്റു മന്ത്രിമാരുടെയും ആരോഗ്യ- പൊലീസ് സേനാ വിഭാഗങ്ങളുടെയും ശക്തമായ ഇടപെടലിലൂടെയും പൊതുജനാരോഗ്യ സംവിധാനത്തിലൂടെയും കൊവിഡിനെ ഒരു പരിധിവരെ പിടിച്ചുകെട്ടിയിരിക്കുന്നു.

ഡി.എം.കെ നേതാവും തമിഴ്‌നാട് പ്രതിപക്ഷ നേതാവുമായ ദളപതി എം.കെ. സ്റ്റാലിൻ പിണറായി വിജയന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ഈ മാതൃക തമിഴ്‌നാട്ടിൽ നടപ്പാക്കണമെന്ന് തമിഴ്‌നാട് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. മാർച്ച് 24ന് നൂറോളം രോഗികളുണ്ടായിരുന്ന അവസ്ഥയിൽ നിന്ന് കേരളം ശക്തമായി തിരികെ വന്നുകൊണ്ടിരിക്കുകയാണ്.

അതിജീവനം

എന്ന ശീലം

വികേന്ദ്രീകരണ സംവിധാനം ശക്തമായി നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. രണ്ടു പ്രളയങ്ങളെയും കഴിഞ്ഞ വർഷമുണ്ടായ നിപ്പ വൈറസ് ബാധയെയും അതിജീവിച്ച സംസ്ഥാനം. കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തെ അമേരിക്കൻ പത്രങ്ങൾ ഉൾപ്പെടെ ലോക മാദ്ധ്യമങ്ങൾ പ്രശംസിക്കുകയാണ്. മിക്ക വിദേശ രാജ്യങ്ങളും കേരള മാതൃകയെയും അതിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും അഭിനന്ദിക്കുന്നു. കൊവിഡ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ, കുടുങ്ങിപ്പോയ അതിഥി തൊഴിലാളികൾക്കായി താമസസൗകര്യം ഒരുക്കിയതും ഭക്ഷണമില്ലാതെ വലഞ്ഞ പാവങ്ങൾക്കായി സൗജന്യ ഉച്ചഭക്ഷണം നല്‍കിയതുമടക്കം സർക്കാരിന്റെ കരുതലും ജാഗ്രതയും ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു.

സമയബന്ധിതമായ പരിശോധന, ഐസൊലേഷൻ എന്നിവയോടൊപ്പം പൊലീസ് സേനയെയും മാദ്ധ്യമങ്ങളെയും ഒന്നിച്ചുനിർത്തി ജനങ്ങൾക്ക് കൃത്യമായ ജാഗ്രത നൽകിയതുമാണ് രോഗപ്രതിരോധം ഫലപ്രദമാകുന്നതിന് കാരണമായത്. വളരെ ശക്തമായ നടപടികൾ സ്വീകരിക്കുമ്പോൾത്തന്നെ ഭക്ഷണമടക്കമുള്ള അടിസ്ഥാന ആവശ്യങ്ങൾ കൃത്യമായി ആളുകളിലെത്തിക്കുന്നതിനും വ്യാജ വാർത്തകൾ ഇല്ലാതാക്കുന്നതിനും കേരള സർക്കാരും സാമൂഹ്യ സംഘടനകളും കാര്യക്ഷമമായി പ്രവർത്തിച്ചു.

ഒരുമയുടെ

മുദ്രകൾ

ബ്രേക്ക് ദി ചെയിൻ ക്യാംപെയിൻ എടുത്തുപറയേണ്ട കാര്യമാണ്. ആറു ലക്ഷത്തോളം വരുന്ന മറുനാട്ടിലുള്ള പ്രവാസി സഹോദരങ്ങളെ നാട്ടിലെത്തിക്കാനും അവർക്ക് ആവശ്യമായ ചികിത്സയും താമസവും ഒരുക്കുന്നതിനും മാർഗരേഖ തയ്യാറാക്കിയതും വളരെ പ്രശംസനീയമാണ്. സാമ്പത്തിക ഞെരുക്കത്തിന്റെയും പുനർനിർമ്മാണത്തിന്റെയും കൊറോണാനന്തര കാലത്ത് അതിജീവിച്ച സ്‌റ്റേറ്റ് എന്ന ടാഗ് ലൈനിലാകും കേരളം ഇനി ലോകത്ത് അറിയപ്പെടുക.

നിപ്പ, ഓഖി, പ്രളയം തുടങ്ങിയ ഘട്ടങ്ങളിലെല്ലാം ഇത് ലോകം കണ്ടു. കൊവിഡ് പ്രതിരോധത്തിനായുള്ള ഹോസ്പിറ്റലും ചിലവു കുറഞ്ഞ വെന്റിലേറ്ററും തുടങ്ങി ജനകീയാടിസ്ഥാനത്തിലുള്ള മാസ്‌ക് നിർമ്മാണം വരെ ഇതിന് ഉദാഹരണങ്ങളാണ്. പൊതുമേഖലയ്‌ക്കു കീഴിൽ വിദ്യാഭ്യാസം, ആരോഗ്യം, പൊതുവിതരണ സംവിധാനം തുടങ്ങിയവ ലോകത്തിന് കൗതുകമാവുകയും മാതൃകയാവുകയും ചെയ്യും. കുടുംബശ്രീ എന്ന പേരിൽ സ്ത്രീകളെ അണിനിരത്തി,​ കേരളത്തിലെ അടിസ്ഥാന തൊഴിൽമേഖലയെ ശക്തിപ്പെടുത്തുന്ന രീതി തുടങ്ങിയവ പഠനവിധേയമാകും.

സാദ്ധ്യതകളുടെ

വാതിലുകൾ

നിക്ഷേപസൗഹൃദമല്ലാത്ത സംസ്ഥാനമെന്ന ദുഷ്‌പേര് അങ്ങനെ കേരളത്തെ വിട്ടകലും. നിക്ഷേപകർ കേരളത്തെ ലക്ഷ്യംവയ്‌ക്കും. കേരളത്തിന് പുതിയ സാദ്ധ്യതകൾ തുറക്കും. ഇന്ന് ഭരണാധികാരികൾക്കും നാട്ടുകാർക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്ന പ്രവാസികളുടെ തിരിച്ചുവരവ് തന്നെയെടുക്കാം. നെഗറ്റീവ് അപ്രോച്ചാണ് പലരും ഇക്കാര്യത്തിൽ പുലർത്തുന്നത്. എന്നാൽ പ്രവാസികൾ മറുനാട്ടിലെ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തുമ്പോൾ ഇത്രകാലം അദ്ധ്വാനിച്ച് സ്വരുക്കൂട്ടിയ സമ്പത്ത് കേരളത്തിലും അയൽസംസ്ഥാനങ്ങളിലും അവർ നിക്ഷേപിക്കുക. ഇതിലൂടെ സംസ്ഥാനത്തിനകത്തും പുറത്തും സാമ്പത്തിക മേഖല ശക്തിപ്പെടുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും.

പ്രവാസികൾക്കായി സർക്കാർ ബോണ്ട് ഇറക്കണമെന്ന് ആവശ്യമുയരുന്ന സാഹചര്യത്തിൽ മേഖലകൾ താനെ തുറന്നുവരും. അവസരങ്ങൾ തേടിയുള്ള യാത്ര കണ്ടെത്തലുകളിലേക്കു നയിക്കും. ടൂറിസം മേഖല ശക്തി പ്രാപിക്കും. കൊവിഡിനു ശേഷം കേരളം ഗ്ലോബലായി നേടിയെടുക്കുന്ന സൽപ്പേരും നമ്മുടെ ടൂറിസം സാദ്ധ്യതകളും പ്രവാസി നിക്ഷേപവും ചേരുന്നതോടെ കേരളം വളരെ വലിയ മുന്നേറ്റങ്ങൾ നടത്തുമെന്ന് ഉറപ്പാണ്. ചെറിയ പലിശയ്‌ക്ക് സർക്കാർ തന്നെ പ്രവാസികൾക്കായി കടപ്പത്രങ്ങൾ ഇറക്കിയാൽ സർക്കാരിന് കോടികൾ സ്വരൂപിക്കാനാകും. കേന്ദ്രസർക്കാരിന്റെ അനുമതിയിയില്ലാതെ സംസ്ഥാനങ്ങൾക്ക് ഇതിനു കഴിയില്ലെന്നതാണ് തടസം. എങ്കിലും കൊവിഡ് റീബിൽഡിംഗിന് എന്ന ലക്ഷ്യത്തോടെ ഈ ആവശ്യത്തിനായി കേന്ദ്രത്തിൽ സമ്മർദ്ദം ശക്തമാക്കാവുന്നതാണ്.

അവസരങ്ങൾ

അനവധി

ഇത് യാഥാർത്ഥ്യമായാൽ സംസ്ഥാനത്തിന് വായ്പക്കായി വിദേശ ബാങ്കുകളെ സമീപിക്കേണ്ടി വരില്ല. വിദേശരാജ്യങ്ങളും അവിടങ്ങളിലെ രീതിയും അറിയുന്ന പ്രവാസികൾക്ക് ഇന്റർനെറ്റ് അധിഷ്ഠിത ബിസിനസുകളും വിജയിപ്പിക്കാനാകും. ഓൺലൈൻ വിദ്യാഭ്യാസം മുതൽ ഭക്ഷ്യവസ്തുക്കളുടെ വിതരണം വരെ ഇതിലുൾപ്പെടും. നാം കൊവിഡ് ഭീതിയെ മറികടക്കുന്നതോടെ ഏറ്റവും ശ്രദ്ധേയമാകുന്ന മേഖലയായിരിക്കും ആരോഗ്യമേഖല. മെഡിസിൻ,​ നഴ്സിംഗ് മേഖലയ്‌ക്ക് വിലയേറും. നമ്മുടെ ഡോക്ടർമാരും നഴ്സുമാരുമാണ് ഇന്നത്തെ നമ്മുടെ അമ്പാസിഡർമാർ. അവരുടെ പ്രവ‌ർത്തന മികവുകൊണ്ടാണ് ഇതു സാധിച്ചത്.

ഇത്തരം ലോകോത്തര മേന്മയുള്ള ഡോക്ടർമാരെയും നഴ്‌സുമാരെയും സൃഷ്ടിച്ചെടുക്കാൻ നമ്മുടെ മെഡിക്കൽ കോളജുകളെ ഇനിയും അപ്‌ഡേറ്റ് ചെയ്യണം. ഇതിനായി വൻതോതിൽ നിക്ഷേപം നടത്താൻ വിദേശനിക്ഷേപം കേരളത്തെ തേടിയെത്തും. കേരളത്തിൽ നിന്നുള്ള നഴ്സുമാരും വിദഗ്ദ്ധരും സാമൂഹ്യ പ്രവർത്തകരും സൃഷ്ടിച്ച സൽപ്പേര് കേളത്തിലെ മെഡിക്കൽ ടൂറിസത്തിന് കരുത്തേകും. നിർമ്മാണമേഖലയും പ്രതീക്ഷയ്‌ക്ക് വക നല്‍കും. സാധാരണക്കാർക്ക് ചുരുങ്ങിയ ചെലവിൽ (അപ്പാർട്ടമെന്റ്,​ ക്വാർട്ടേഴ്സുകൾക്ക്)​ താമസിക്കാനാവശ്യമായ മേഖലയിൽ ആവശ്യക്കാരേറും.

കൊവിഡിനു ശേഷമുള്ള അവസ്ഥ ഇങ്ങനെ പ്രതീക്ഷ നിറഞ്ഞതാണെങ്കിലും അതിനെ പ്രതിലോമപരമായി വിലയിരുത്തുകയും ഭയപ്പെടുകയുമാണ് ശരാശരി മലയാളികളെല്ലാം. അതിനുപകരം പ്രതീക്ഷാനിർഭരമായ ചിത്രം രൂപപ്പെടുത്തുകയാണ് കേരള സർക്കാരും മറ്റു രാഷ്ട്രീയ സാമൂഹിക സേവനദാതാക്കളും ചെയ്യേണ്ടത്. കടലുകൾക്കപ്പുറത്തേക്ക് കേരളം അറിയപ്പെടുകയാണ്. അങ്ങനെ നാളത്തെ വിലയേറിയ മികച്ച ബ്രാൻഡ് ആയി കേരളം മാറാൻ പോവുകയാണ്.