മാള: ലോക്ക് ഡൗണിൽ വീടുകളിൽ കഴിയുന്ന കിടപ്പുരോഗികൾക്കായി മാള പഞ്ചായത്തിൽ സഞ്ചരിക്കുന്ന ആശുപത്രി സൗകര്യം. മാള ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും മാള ഹോളി ഗ്രേസ് അക്കാഡമിയും ചേർന്നാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്. ഡോക്ടറും നഴ്‌സും ഫാർമസിസ്റ്റും അടക്കമുള്ള സംഘമാണ് വാഹനത്തിൽ ഉണ്ടായിരിക്കുക.
ഡോക്ടർ നിർദേശിക്കുന്ന മരുന്നുകളും അപ്പോൾ തന്നെ രോഗികൾക്ക് നൽകും. ഓരോ ദിവസവും നാല് വാർഡുകളിലാണ് സഞ്ചരിക്കുന്ന ആശുപത്രി എത്തുന്നത്. കിടപ്പുരോഗികളുടെ പട്ടിക തയ്യാറാക്കിയാണ് അതത് വാർഡ് മെമ്പർമാരുടെ മേൽനോട്ടത്തിൽ സൗകര്യം എത്തിക്കുന്നത്. രോഗികളെ വാഹനത്തിലേക്ക് കയറ്റാതെ ഡോക്ടർ വീടുകളിൽ എത്തുന്നു. ലോക്ക് ഡൗൺ കാരണം മതിയായ ചികിത്സയ്ക്ക് പുറത്ത് ആശുപത്രികളിൽ പോകാൻ കഴിയാത്തവർക്ക് വലിയ അനുഗ്രഹമാണ് ഈ സഞ്ചരിക്കുന്ന ആശുപത്രി.
ജില്ലയിൽ ആദ്യമായാണ് കൊവിഡ് 19 പശ്ചാത്തലത്തിൽ ഈ വേറിട്ടൊരു പദ്ധതി നടപ്പാക്കുന്നത്. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ സഞ്ചരിക്കുന്ന ആശുപത്രി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശോഭ സുഭാഷ്, സ്ഥിരം സമിതി അദ്ധ്യക്ഷൻ ബിജു ഉറുമീസ്, ഹോളി ഗ്രേസ് അക്കാഡമി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.