തൃപ്രയാർ: മണപ്പുറം ഗ്രൂപ്പ് ഒഫ് കമ്പനീസ് ലോക്ക് ഡൗൺ ലംഘിച്ച് പ്രവർത്തിക്കുന്നുവെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഹെഡ് ഓഫീസിനു മുൻപിൽ ധർണ്ണ നടത്തി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ജെ. യദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. പൊലീസിന്റെയും കളക്ടറുടെയും അനുമതി ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ആരോഗ്യ ഉദ്യോഗസ്ഥർക്ക് പരിശോധന നടത്താൻ ഓഫീസിൽ അനുമതിയില്ല. എ.സി സംവിധാനവും പഞ്ചിംഗ് സംവിധാനവും പ്രവർത്തിക്കുന്നുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു.

യൂത്ത് കോൺഗ്രസ് നേതാക്കളായ ശ്രീധർശ് വടക്കൂട്ട്, പി.സി. മണികണ്ഠൻ, ഇസ്മയിൽ അറക്കൽ എന്നിവർ സമരത്തിന് നേതൃത്വം നൽകി. വലപ്പാട് സി.ഐ: സുമേഷ്‌ കെ.വി, എസ്.ഐ: അരിസ്റ്റോട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി തൊഴിലാളികളെ പുറത്തിറക്കി. കളക്ടറുടെ അനുമതി വാങ്ങി ലോക് ഡൗൺ നിർദേശം പാലിച്ച് മാത്രമേ പ്രവർത്തിക്കാൻ കഴിയു എന്ന് പൊലീസ് അറിയിച്ചു.

ഹെൽത്ത് ഇൻസ്പെക്ടർ രമേശിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മണപ്പുറം ഓഫീസിന് എതിരെ നിയമനടപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി, കളക്ടർ എന്നിവർക്ക് യൂത്ത് കോൺഗ്രസ് പരാതി നൽകി.