പീച്ചി കനാലിലൂടെ ഒഴുകിയത് 1550 കോടി ലിറ്റർ വെള്ളം


തൃശൂർ: താപനില 39 ഡിഗ്രി സെൽഷ്യസ് കടന്ന് കൊടുംചൂടിലായെങ്കിലും ഒരു മാസത്തിലേറെ നീണ്ട ലോക്ക് ഡൗൺ കാലത്ത് മുൻ വർഷങ്ങളിലേത് പോലെയുളള കുടിവെളളക്ഷാമം ഉണ്ടായില്ല. ഉത്പാദന, നിർമ്മാണമേഖലകളും വ്യവസായങ്ങളും നിലച്ചതോടെ ജല ഉപയോഗം കുറഞ്ഞതാണ് പ്രധാനകാരണം.
മാർച്ച് 24 മുതൽ ഏപ്രിൽ 28 വരെയുള്ള ലോക്ക് ഡൗൺ കാലയളവിൽ 1550 കോടി ലിറ്റർ വെള്ളമാണ് ജലസേചന വകുപ്പിന് പീച്ചി കനാലിലൂടെ വിതരണം ചെയ്യാനായത്. അതോടെ, കാർഷിക ആവശ്യങ്ങൾക്കുള്ള ജലലഭ്യത ഉറപ്പ് വരുത്താനുമായി. ജില്ലാ ജലസേചന വകുപ്പ്. ജലസേചനം സുഗമമാക്കുന്നതിന് പീച്ചി കനാലിന്റെ ഇടതും വലതുമായുള്ള കനാലുകൾ മുഖേനയാണ് വെള്ളം നൽകിയത്.

ചിമ്മിനി ഡാമിൽ നിന്നും കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ വെളളം കാർഷികാവശ്യങ്ങൾക്ക് നൽകാൻ കഴിഞ്ഞു. കോൾമേഖലയിലേക്കും വാട്ടർ അതോറിറ്റിക്കുമാണ് വെളളം നൽകിയത്.


......................

പീച്ചി വഴി വാട്ടർ അതോറിറ്റിക്ക് ലോക്ക് ഡൗൺ കാലത്ത് നൽകിയത് :

1.925 മില്യൻ മീറ്റർ ക്യൂബ് (190 കോടി ലിറ്റർ) വെള്ളം.

...................


''വലത് കനാൽ ബാങ്ക് വഴി ഒരാഴ്ച കൂടി ജലസേചനം തുടരും. ഏപ്രിൽ 13ന് തുറന്ന ഇടത് കനാൽ ബാങ്ക് ചൊവ്വാഴ്ച അടച്ചു.''

ഇ.എസ്. ഗീത, അസി. എക്‌സിക്യൂട്ടിവ് എൻജിനിയർ, പീച്ചി

ജലസമൃദ്ധിക്ക് മാപ്പിംഗ്

ജലസമൃദ്ധി ലക്ഷ്യമിട്ട് ഹരിത കേരളം മിഷൻ, ഐ.ടി മിഷന്റെ സഹായത്തോടെ ജില്ലയിലെ നീർച്ചാലുകളുടെയും തോടുകളുടെയും ക്വാറികളുടെയും ജലസ്രോതസ്സുകളുടെയും മാപ്പിംഗും നടത്തുന്നുണ്ട്. ജൂണിന് മുൻപായി പൂർത്തിയാകും. ജലസ്രോതസ്സുകളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകാനാണിത്.
പ്രത്യേക പരിശീലനം ലഭിച്ച ഒൻപത് പേരുടെ സഹായത്താലാണ് മാപ്പ് തയ്യാറാക്കൽ തുടങ്ങിയത്. ഓപ്പൺ സ്ട്രീറ്റ് മാപ്പ് സഹായത്താൽ 43 വിഭാഗങ്ങളായി തിരിച്ചാണിത്. ഉപഗ്രഹ ചിത്രങ്ങളായി ഫയലുകൾ കൈകാര്യം ചെയ്യും. ജലസ്രോതസ്സുകളുടെ വിവരങ്ങൾ ഉപഗ്രഹ ചാനൽ ചിത്രങ്ങൾ ഐ.ടി മിഷനിൽ ലഭ്യമാണ്. പുഴകളും നീർച്ചാലുകളും എളുപ്പത്തിൽ തിരിച്ചറിയാൻ ഇതിൽ പിങ്ക് വരകളുണ്ട്. ഇതുവഴി സ്രോതസ്സുകളിൽ വ്യക്തത വരുത്തുകയാണ് ആദ്യപടി.


ലക്ഷ്യങ്ങൾ:
മാപ്പിംഗ് പൂർത്തിയായാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വിവരങ്ങൾ കൈമാറും.

മിഷന്റെ 'ഇനി ഞാൻ ഒഴുകട്ടെ' പുഴ നവീകരണകാമ്പയിനും പ്രയോജനപ്പെടുത്തും.

പുഴകളും നീർച്ചാലുകളും റോഡ് മുറിച്ച് കടക്കുന്നതും വ്യക്തമാക്കും

''വരൾച്ച സമയത്ത് ജലസ്രോതസ്സുകൾ വൃത്തിയാക്കൽ, ആഴം കൂട്ടൽ എന്നിവ നടത്തി അടുത്ത പ്രളയ കാലത്തെ തടയാനാകും എന്നാണ് പ്രതീക്ഷ.''

പി.എസ്. ജയകുമാർ, ജില്ലാ കോ- ഓർഡിനേറ്റർ, ഹരിതകേരളം മിഷൻ,