കൊടുങ്ങല്ലൂർ: നഗരസഭയിൽ പ്രവാസികളുടെ സർവേ പൂർത്തിയായതായി കൗൺസിൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ചെയർമാൻ കെ.ആർ ജൈത്രൻ അറിയിച്ചു. നഗരസഭയിൽ 2500 പ്രവാസികളാണ് വിദേശത്തുള്ളത്. അതിൽ തിരിച്ചുവരാൻ സാദ്ധ്യതയുള്ളത് 750 പേരാണ്. ഭൂരിപക്ഷം പ്രവാസികൾക്കും സ്വന്തം വീട്ടിലോ ബന്ധുവീടുകളിലോ ഐസോലേഷനിൽ നിൽക്കുവാനുള്ള സംവിധാനം ഉള്ളതായും സർവേയിൽ കണ്ടെത്തി.

തിരിച്ചു വരുന്നവർക്ക് താമസിക്കാനുള്ള സൗകര്യം നഗരസഭയിൽ ആഴ്ചകൾക്ക് മുൻപ് തന്നെ സജ്ജീകരിച്ചിട്ടുണ്ട്. ആശുപത്രികൾ, ലോഡ്ജുകൾ, ഒഴിഞ്ഞ വീടുകൾ, ഹോട്ടലുകൾ, ഹാളുകൾ തുടങ്ങിയവയെല്ലാം കണ്ടെത്തി ശുചീകരിച്ച് പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്. 888 കിടക്കകൾ അടങ്ങിയ ശുചി മുറി സൗകര്യങ്ങളോടുകൂടിയ 51 കെട്ടിടങ്ങൾ ഒരുക്കിക്കഴിഞ്ഞതായി ചെയർമാൻ പറഞ്ഞു.

മേത്തല വില്ലേജിലെ അഞ്ച് കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിന് കൗൺസിൽ യോഗം അംഗീകാരം നൽകി സർക്കാരിലേക്ക് സമർപ്പിക്കാനും തീരുമാനിച്ചു. ഗേൾസ് സ്‌കൂളിൽ നിന്ന് മാങ്ങ പറിച്ചു കൊണ്ടുപോയത് സംബന്ധിച്ച് ഉയർന്ന പരാതിയെ കുറിച്ചുളള അന്വേഷണ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് നടപടിയെടുക്കും. 657 പേർക്ക് വാർദ്ധക്യകാല പെൻഷനും 60 പേർക്ക് വിധവാ പെൻഷനും 19 വികലാംഗ പെൻഷനും 6 പേർക്ക് അവിവാഹിത പെൻഷനും നൽകാൻ കൗൺസിൽ അനുമതി നൽകി.

വിധവകളുടെ മക്കളായ 8 പേർക്ക് ധനസഹായം നൽകും. 44 വാർഡുകളിലും ആരോഗ്യ ശുചിത്വ പോഷണ സമിതികൾ നിലവിൽ വന്നതിൽ പകുതിയിലേറെ വാർഡുകളിൽ വളണ്ടിയർ ടീമിന്റെ നേതൃത്വത്തിൽ സർവേ തുടങ്ങി. ശുചീകരണ പ്രവർത്തനം രണ്ടു ദിവസങ്ങൾക്കകം വാർഡുകളിൽ ആരംഭിക്കാനും തീരുമാനമെടുത്തു. യോഗത്തിൽ വൈസ് ചെയർമാൻ ഹണി പീതാംബരൻ, കെ.എസ്. കൈസാബ്, സി.കെ. രാമനാഥൻ, വി.ജി. ഉണ്ണിക്കൃഷ്ണൻ, വി.എം. ജോണി, സി.സി. വിപിൻ ചന്ദ്രൻ, അഡ്വ. സി.പി. രമേശൻ, ടി.പി. പ്രഭേഷ്, ആശാലത തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.