അന്തിക്കാട്: പൊട്ടുവെള്ളരി വിറ്റുകിട്ടുന്ന സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ ഒരുങ്ങുകയാണ് മുറ്റിച്ചൂരിലെ നിർദ്ധന കുടുംബം. പാട്ട ഭൂമിയിൽ കുടുംബസമേതം അദ്ധ്വാനിച്ച് വിളവെടുത്ത പൊട്ടുവെള്ളരി തൃപ്രയാർ പാലത്തിന് കിഴക്കുവശത്ത് 17 വർഷമായി തെരുവിൽ വിപണനം നടത്തി ഉപജീവനം നടത്തുകയാണ് മുറ്റിച്ചൂർ പോക്കാക്കില്ലത്ത് റാഫി.
ജീവകാരുണ്യ പ്രവർത്തനത്തിൽ തന്റെ സേവനം മാതൃകയാക്കിയിട്ടുള്ള ഈ കർഷകൻ വെള്ളരി വിറ്റുകിട്ടുന്ന തുക കൈമാറുന്നത്. രാജ്യം മഹാവിപത്തിന്റെ പിടിയിൽ അകപ്പെട്ട സന്ദർഭത്തിൽ തന്റെ ഒരു ദിവസത്തെ വിറ്റുവരവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകും. ഇന്ന് വൈകീട്ട് ആറിന് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൊട്ടുവെള്ളരി വിറ്റുകിട്ടിയ തുക ഏറ്റുവാങ്ങും. വ്രതാനുഷ്ഠാനകാലം പുണ്യമാക്കുകയാണ് റാഫിയും കുടുംബവും.