തൃശൂർ: കോർപറേഷനിൽ 2018, 2019 വർഷങ്ങളിലെ മഹാപ്രളയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ദുരന്തനിവാരണ പദ്ധതിക്ക് അംഗീകാരമായി. കോർപ്പറേഷൻ പരിധിയിലെ ദുരന്തസാധ്യതയുള്ള പ്രദേശത്തെ വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുള്ള റോഡുകൾ ഉയർത്തൽ, അടഞ്ഞുകിടക്കുന്നതും താഴ്ന്നുപോയതുമായ കൾവർട്ടുകൾ പുനർനിർമ്മിക്കൽ, തോടുകളുടെ ആഴം കൂട്ടൽ, കാനകളും നീർച്ചാലുകളും മഴക്കാലത്തിനുമുമ്പ് ഒഴുക്ക് യഥാസ്ഥിതി പുനഃസ്ഥാപിക്കൽ, പ്രളയബാധിതരെ പുനരധിവസിപ്പിക്കാൻ ഷെഡുകൾ സ്ഥാപിക്കൽ എന്നിവ ഇതിൽ ഉൾപ്പെടും. ദുരന്ത നിവാരണത്തിനായി ഫൈബർബോട്ട് 10 എണ്ണം, പെഡൽ ബോട്ട് 10, ഡിങ്കി ബോട്ട് ചെറുത് 2, കൊട്ടവഞ്ചി 10, ലൈഫ് ജാക്കറ്റ് 100, ലൈഫ് ബോയ് 100, വടം 10, സ്റ്റീൽ ലാഡർ വലുത് 10, ഹിറ്റാച്ചി 2 , ബാർജ് (ഹിറ്റാച്ചിക്കായുള്ള പെറ്റി ബങ്ക്) 2 , മൾട്ടി ലെയർ കോട്ട് വിത്ത് ബെഡ് 500 , മോഡുലർ ടോയ്‌ലെറ്റ് 10 തുടങ്ങിയവ ലഭ്യമാക്കി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ ഉൾപ്പെടെ വിശദമായ 50 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. മേയർ അജിത ജയരാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിലാണ് പദ്ധതി അടിയന്തരമായി നടപ്പിലാക്കാൻ തീരുമാനിച്ചത്.