തൃശൂർ: ജനാധിപത്യരീതിയിൽ വിയോജിക്കാനുള്ള അവകാശം ഉപയോഗപ്പെടുത്തുമ്പോൾ അതിനെതിരെ വ്യക്തിഹത്യ നടത്തുന്നത് ഇല്ലാതാക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് ശമ്പളം പിടിക്കൽ ഉത്തരവ് കത്തിച്ചതിന്റെ പേരിൽ സൈബർ ആക്രമണം നേരിട്ട ഷാഹിദ റഹ്മാൻ. കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റും തൃശൂർ ഡി.സി.സി ജനറൽ സെക്രട്ടറിയുമായ താൻ കെ.പി.എസ്.ടി.എയുടെ ആഹ്വാനപ്രകാരം നടത്തിയ ഉത്തരവ് കത്തിക്കൽ പ്രതിഷേധ സമരത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിരുന്നു. തന്റെ ചിത്രത്തിന് താഴെ കേട്ടാലറക്കുന്ന പരാമർശങ്ങളാണ് സി.പി.എം അനുഭാവികൾ എന്ന് അവകാശപ്പെടുന്നവർ എഴുതിയതെന്ന് ഷാഹിദ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഉത്തരവ് കത്തിക്കുന്ന ചിത്രത്തിന് താഴെ മാത്രമല്ല താൻ ഫേസ്ബുക്ക് അക്കൗണ്ട് ആരംഭിച്ചത് മുതൽക്കുള്ള കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ ഉപയോഗിച്ചാണ് വ്യക്തിഹത്യ നടത്തുന്നത്. ഇതിനെതിരെ വടക്കാഞ്ചേരി സി.ഐക്ക് പരാതി നൽകിയിട്ടുണ്ട്. കൊവിഡ് അതിജീവനത്തിനായി പണം നൽകില്ല എന്നല്ല കെ.പി.എസ്.ടി.എ പറഞ്ഞത്. ഉത്തരവിലെ അപാകതകൾക്കും സർവീസ് സംഘടനകളോട് ചർച്ച ചെയ്യാതെയും തീരുമാനത്തിന് എതിരെയാണ് ഉത്തരവ് കത്തിച്ചത്. അതിന്റെ പേരിൽ കെ.പി.എസ്.ടി.എ അദ്ധ്യാപകരെ ഒറ്റപ്പെടുത്താനുള്ള ശ്രമം അപലപനീയമാണെന്നും ഇതിനെതിരെ സംസ്ഥാന, ദേശീയ വനിതാ കമ്മിഷനുകൾക്ക് പരാതി നൽകുമെന്നും അവർ വ്യക്തമാക്കി. എ.എൻ.ജി. ജെയ്‌ക്കോ, ടി. കൃഷ്ണകുമാർ, എ.എം. ജയ്‌സൺ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.