ചാലക്കുടി: ലോക്ക് ഡൗൺ ആരംഭിച്ചതോടെ ചാലക്കുടിയുടെ മലയോര മേഖല ചാരായ നിർമ്മാണ കേന്ദ്രങ്ങളായി മാറി. ചാലക്കുടി, കൊരട്ടി, അതിരപ്പിള്ളി എന്നീ സ്റ്റേഷനുകളായി ഇതിനകം നിരവധി ചാരായ നിർമ്മാണ കേന്ദ്രങ്ങൾ പൊലീസ് കണ്ടെത്തി നശിപ്പിച്ചു. ഇതിനു പുറമെ എക്‌സൈസ് സംഘവും വലിയ തോതിൽ വാഷ് പിടികൂടി.
പുഷ്പരിയിലെ എസ്റ്റേറ്റിൽ വലിയ തോതിൽ നടന്നുവന്ന ചാരായ നിർമ്മാണം ഡ്രോണിന്റെ സഹായത്തോടെയാണ് എക്‌സൈസ് പിടികൂടിയത്. മറ്റിടങ്ങളിൽ പിടികൂടിയതിൽ കൂടുതലും ചാരായ നിർമ്മാണത്തുനുള്ള വാഷാണ്. വിലപ്പിടിപ്പുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. എന്നാൽ പല കേസുകളിലും പ്രതികൾ ഇല്ലാത്ത അവസ്ഥയാണ്. പിടിക്കപ്പെട്ടവർ വിരലിലെണ്ണാവുന്നവരാണ്. ചാരായ നിർമ്മാണം വ്യാപാകമാവകുയാണെന്നാണ് പുറത്തു വരുന്ന വിവരം. സ്വന്തം ആവശ്യത്തിന് വാറ്റി കുടിക്കുന്നവരുടെ എണ്ണം വൻ തോതിൽ വർദ്ധിച്ചതായി പറയുന്നു. വിൽപ്പനയ്ക്കുള്ള നിർമ്മാണവും ദിനം പ്രതി ഏറിവരുന്നു. മൊത്ത വ്യാപാര കടകളിൽ നിന്നും വലിയ തോതിൽ ശർക്കര ചെലവാകുന്നത് ചാരായ നിർമ്മാണത്തിന്റെ ആവശ്യത്തിനാണത്രെ.
കനകമല, ചന്ദനക്കുന്ന്, മേച്ചിറ, വെട്ടിക്കുഴി, രണ്ടുകൈ, കുറ്റിച്ചിറ, വെറ്റിലപ്പാറ, പുഷ്പഗിരി, അടിച്ചിലി തുടങ്ങിയ സ്ഥലങ്ങളിൽ വ്യാപകമായി ചാരായ നിർമ്മാണം നടക്കുന്നുവെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം. എന്നാൽ കൃത്യമായ പരിശോധന നടത്താൻ കഴിയാതെ കുഴങ്ങുയാണ് ഉദ്യോഗസ്ഥർ. ആരെങ്കിലും വിവരം ചോർത്തി കൊടുക്കുന്ന സംഭവങ്ങളിൽ മാത്രമാണ് പരിശോധനയും അറസ്റ്റും ഉണ്ടാകുന്നത്. ഈ അവസ്ഥ തുടർന്നാൽ ഒരു പക്ഷെ ചിലയിടങ്ങളിൽ മദ്യ ദുരന്തംപോലും സംഭവിക്കാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ ഭയപ്പെടുന്നു. മാന്യമായി ജോലി ചെയ്തു ജീവിച്ചിരുന്ന പല യുവാക്കളും വ്യാജ മദ്യ നിർമ്മാണ മേഖലയിലേയ്ക്ക് തിരിഞ്ഞുവെന്നാണ് ഞെട്ടിപ്പിക്കുന്ന വിവരം. ചാലക്കുടി നഗര പരിധിയിലും ഇത്തരം സംഭവങ്ങൾ വ്യാപകമാവുകയാണ്. പിടിക്കപ്പെടുന്നവരെ രക്ഷിക്കുന്നതിന് വേണ്ടി രാഷ്ട്രീയ പാർട്ടി നേതാക്കളും രംഗത്തെത്തുന്നതാണ് കൗതുകമാകുന്നത്. മദ്യ നിരോധനത്തിനു വേണ്ടി മുറവിളി കൂട്ടുന്ന സംഘങ്ങൾക്കും ഇത്തരം പ്രവണതകൾക്കു നേരെ കണ്ണടയ്ക്കുവാൻ കഴിയില്ല.