vadakan-sankuru
ശങ്കുരു

വാടാനപ്പിള്ളി: വാഹനാപകടത്തിൽ മരിച്ചെന്ന് കരുതി സംസ്‌കരിച്ചയാൾ 34 ദിവസത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തി. നടുവിൽക്കര ജവാൻ കോളനിയിലെ വടക്കൻ ശങ്കുരു (58) ആണ് ഇന്നലെ വൈകീട്ട് തിരിച്ചെത്തിയത്. പുലവീടലും അടിയന്തരവും കഴിഞ്ഞെത്തിയ ശങ്കുരുവിന് ഇത് രണ്ടാം ജന്മം.

നടുവിൽക്കരയിൽ വീട്ടിൽ ഒറ്റക്കായിരുന്നു ശങ്കുരുവിന്റെ താമസം. ഭാര്യയും മൂന്ന് പെൺമക്കളുമുണ്ടെങ്കിലും 32 വർഷം മുൻപ് വഴക്കിട്ടതിനെ തുടർന്ന് കൊടുങ്ങല്ലൂരിലെ വീട്ടിലാണ് അവരുടെ താമസം. മുന്നു പെൺമക്കളും വിവാഹിതരാണ്. കഴിഞ്ഞ മാസം 25ന് കയ്പമംഗലം കാളമുറിയിൽ വച്ച് മോട്ടോർ സൈക്കിൾ ഇടിച്ച് അജ്ഞാനായ 60 വയസ് തോന്നിക്കുന്നയാൾക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇയാളെ തൃശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു. തുടർന്ന് വാർത്ത മാദ്ധ്യമങ്ങളിൽ വന്നതിനെ തുടർന്ന് വാടാനപ്പിള്ളി ഗണേശമംഗലത്തുള്ള ഗോപി തന്റെ ബന്ധുവായ വടക്കൻ ശങ്കുരുവാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു.

മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം മ്യതദേഹം നടുവിൽക്കരയിലെ വീട്ടിലെത്തിച്ചു. വിവരമറിഞ്ഞ് ബന്ധുക്കളും പിണക്കത്തിലായിരുന്ന രണ്ട് മക്കളുമെത്തി. ചിലർ ശങ്കുരുവിന്റെ മൃതദേഹമല്ലെന്ന് സംശയിച്ചെങ്കിലും പിന്നീട് വാടാനപ്പിള്ളി പൊതു ശ്മശാനത്തിൽ സംസ്‌കരിക്കുകയായിരുന്നു. പരേതന്റെ വസ്ത്രങ്ങളും മറ്റും കൂട്ടിയിട്ട് സംസ്കാരസമയത്ത് കത്തിച്ചാണ് ബന്ധുക്കൾ വീട് പൂട്ടി മടങ്ങിയത്.

34-ാം നാൾ ഉയിർപ്പ്

ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് മരിച്ച് സംസ്കാരവും ചടങ്ങുകളും കഴിഞ്ഞ വടക്കൻ ശങ്കുരു വീട്ടിൽ തിരിച്ചെത്തിയത്. പരേതനെ കണ്ട് പ്രേതമാണെന്ന് കരുതി പലരും പരിഭ്രമിച്ചോടി. പിന്നീട് നാട്ടുകാരും പഞ്ചായത്ത് മെമ്പറും വീട്ടിലെത്തി. തിലകന്റെ അടുത്ത് വന്ന് കുശലം പറഞ്ഞു. കൂലി പണി ചെയ്ത് അലഞ്ഞ് നടന്നിരുന്ന ഇയാളെ ചാവക്കാട് ബീച്ചിൽ നിന്ന് 35 ദിവസം മുമ്പ് ലോക്ക് ഡൗൺ കാലത്ത് മുനിസിപ്പാലിറ്റി അധികൃതർ പിടികൂടി മണത്തല ഗവ: സ്‌കൂളിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.

ലോക്ക് ഡൗണിൽ അയവ് വന്നതോടെ ശങ്കുരു ചൊവ്വാഴ്ച രാവിലെയാണ് സ്‌കൂൾ വിട്ടത്. രാത്രിയാണ് നടുവിൽക്കരയിലേക്ക് വന്നതെങ്കിൽ നാട്ടുകാർ അങ്കലാപ്പിലായേനെ. ചൊവ്വാഴ്ച രാത്രി കുടിവെള്ളം ടാപ്പിൽ എത്തിയതോടെ ടാപ്പുകൾക്ക് മുന്നിൽ വീട്ടമ്മമാരുടെ തിരക്കായിരുന്നു. മരിച്ചയാളുടെ മടങ്ങിവരവ് ബസുക്കളെയും ഞെട്ടിച്ചു. വസ്ത്രങ്ങൾ എല്ലാം കത്തിച്ചതോടെ കുളിച്ച് മാറി ഉടുക്കാൻ പോലും ശങ്കുരുവിന് ഒരു മുണ്ടു പോലും ഇല്ലാതായി. വൈദ്യുതിയും വിച്ഛേദിച്ചിരുന്നു.

ശങ്കുരു തിരിച്ചെത്തിയ വിവരമറിഞ്ഞ് സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യാഗസ്ഥരും വീട്ടിലെത്തിയിരുന്നു. ശങ്കുരുവിന്റെ സ്ഥാനത്ത് കാളമുറിയിലെ അപകടത്തിൽ മരിച്ച് സംസ്‌കരിച്ച ആളെ കുറിച്ചാണ് പൊലീസിന്റെ തുടരന്വേഷണം.