തൃശൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി മാസ്‌ക് നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം. സ്കൂളുകൾ തുറക്കുന്നതിൽ തീരുമാനമായിട്ടില്ലെങ്കിലും ലോക്ക് ഡൗണിന് ശേഷം നടക്കാനിരിക്കുന്ന എസ്.എസ്.എൽ.എൽ.സി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾക്കെത്തുന്ന കുട്ടികൾക്ക് മാസ്‌ക് നൽകുന്നതിനുള്ള ക്രമീകരണമാണ് പുരോഗമിക്കുന്നത്.
വിദ്യാർത്ഥികൾ, അദ്ധ്യാപകർ, മറ്റ് ജീവനക്കാർ എന്നിവർക്കെല്ലാം മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. ഒരോ ജില്ലകളിലും എസ്.എസ്.എക്കാണ് നിർമ്മാണച്ചുമതല. എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കഡറി, വൊക്കേഷണൽ ഹയർ സെക്കഡറി വിഭാഗത്തിൽ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് വിഭാഗങ്ങളിലായി എകദേശം നാലു ലക്ഷത്തോളം വിദ്യാർത്ഥികളാണ് ജില്ലയിലുള്ളത്.
എസ്.എസ്.എയ്ക്ക് പുറമേ ഹയർ സെക്കഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ എൻ.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തിലും മാസ്‌കുകൾ നിർമ്മിക്കും.
മാസ്‌ക് നിർമ്മാണം ബി.ആർ.സി വഴി
ഒരോ ജില്ലകളിലും ബ്ലോക്ക് റിസോഴ്‌സ് സെന്ററുകൾ വഴി മാസ്‌കുകൾ നിർമ്മിച്ച് നൽകാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. ഓരോ ബി.ആർ.സികളും 30,000 മാസ്‌കുകൾ നിർമ്മിക്കണം. ജില്ലയിൽ 18 ബി.ആർ.സികൾ വഴി 504,000 മാസ്‌കുകൾ നിർമ്മിക്കും. ഇതിന്റെ പ്രവർത്തനം മേയ് ആദ്യവാരത്തോടെ ആരംഭിക്കും.
സ്‌കൂൾ തലത്തിൽ മൂന്നു ലക്ഷത്തിലേറെ വിദ്യാർത്ഥികൾ
ജില്ലയിൽ ഒന്നു മുതൽ പത്ത് വരെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് വിഭാഗങ്ങളിലായി 317,055 വിദ്യാർത്ഥികളാണ് കഴിഞ്ഞ അദ്ധ്യയന വർഷം പഠിച്ചിരുന്നത്. ഇത്തവണ അഡ്മിഷൻ പ്രവർത്തനം ആരംഭിച്ച് വരുന്നതേയുള്ളു.
ഒന്നര ലക്ഷം മാസ്‌ക് നൽകും
വൊക്കേഷണൽ ഹയർ സെക്കഡറി ഹയർ സെക്കഡറി വിഭാഗം എൻ.എസ്.എസ് യൂണിറ്റുകൾ വഴി ജില്ലയിൽ ഒന്നര ലക്ഷത്തോളം മാസ്‌കുകൾ നിർമ്മിക്കും. കുട്ടികളും അദ്ധ്യാപകരും ഇതിനോടകം തന്നെ വീടുകളിലിരുന്ന് നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. വിദ്യാർത്ഥികളും അദ്ധ്യാപകരും സ്വന്തം പണം ഉപയോഗിച്ച് തുണികളും മറ്റ് സാധനങ്ങളും വാങ്ങിയാണ് മാസ്കുകൾ തുന്നുന്നത്. തങ്ങൾക്ക് ആവശ്യമുള്ളവ മുഴുവൻ എൻ.എസ്.എസ് വളണ്ടിയർമാർ വഴി നിർമ്മിക്കാനാണ് ഉദ്ദേശ്യം.
- പ്രിയ, വൊക്കേഷണൽ ഹയർ സെക്കൻഡറി എൻ.എസ്.എസ് കോ- ഓർഡിനേറ്റർ