prathappan
ടി.എൻ.പ്രതാപന്റെ നേതൃത്വത്തിൽ ജീവൻരക്ഷ മരുന്നുകളുടെ വിതരണ പ്രവർത്തനങ്ങൾ

തൃശൂർ: ടി.എൻ. പ്രതാപൻ എം.പിയുടെ സൗജന്യ ജീവൻരക്ഷാ മരുന്ന് വിതരണം ആയിരങ്ങൾക്ക് ആശ്വാസമാകുന്നു. എം.പി എന്ന നിലയിൽ ലഭിക്കുന്ന ശമ്പളവും വിവിധ മരുന്നു ഉത്പാദകരുടെയും വിതരണ സംഘടനകളുടെയും സഹകരണത്തോടെയാണ് അതിജീവനം എന്ന പേരിൽ എം.പിയുടെ മരുന്നു വിതരണം കൈത്താങ്ങാകുന്നത്.

ലോക്ക് ഡൗണിൽ ബുദ്ധിമുട്ടുന്ന നിർദ്ധന കുടുംബങ്ങളിലെ രോഗികൾക്ക് സൗജന്യമായാണ് മരുന്നുകൾ നൽകുന്നത്. 1500ലേറെ രോഗികൾക്ക് ഇതുവരെ മരുന്നുകൾ നൽകി. 3000ത്തോളം പേരാണ് മരുന്നിനായി രജിസ്റ്റർ ചെയ്തത്. ഇവർക്കെല്ലാം മേയ് മൂന്നിനകം നൽകുമെന്ന് ടി.എൻ. പ്രതാപൻ പറഞ്ഞു. ഹൃദ്രോഗം, കാൻസർ, ലിവർ രോഗികൾ എന്നിവർ ഉള്ള ബി.പി.എൽ വിഭാഗത്തിൽ പെട്ട കുടുംബങ്ങൾക്ക് ആണ് മരുന്നുകൾ ലഭിക്കുന്നത്.

ഏപ്രിൽ 28 വരെയുള്ള അപേക്ഷയാണ് സ്വീകരിച്ചിരുന്നത്. ചിലർക്ക് 15000 രൂപ വരെ വില വരുന്ന മരുന്നുകൾ വരെ വീടുകളിൽ എത്തിച്ച് നൽകി. കക്ഷീ രാഷ്ട്രീയത്തിനതീതമായി ജനപ്രതിനിധികളുടെ സഹകരണത്തോടെയാണ് ആവശ്യമായ മരുന്നുകൾ വീടുകളിൽ എത്തിച്ച് നൽകുന്നത്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.സി. ശ്രീകുമാർ, ഡി.സി.സി ജനറൽ സെക്രട്ടറി രവി ജോസ് താണിക്കൽ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.