kattupayar-vallikal
ചാറ്റിലാംപാടത്തിനു സമീപത്തെ മലയോരത്തും വനത്തിലും പടർന്ന് പരന്ന് കിടക്കുന്ന കാട്ടുപയർ വള്ളികൾ

കൊടകര: കോടശേരി മലയിൽ ജൈവ സമ്പത്തിന് ഭീഷണിയായി കാട്ടുപയർ വള്ളികൾ പടരുന്നു. കൊടകര ചാറ്റിലാം പാടത്തെ ചുറ്റിനിൽക്കുന്ന തീവണ്ടിപ്പാറയുടെ താഴെയും വശങ്ങളിലുമായാണ് ഇവ പടർന്നിരിക്കുന്നത്. മലയുടെ താഴ്‌വാരത്ത് പടർന്ന് പന്തലിച്ച് പരന്ന് കിടക്കുന്ന വള്ളികൾ കാഴ്ചയിൽ ഏറെ മനോഹരമാണെങ്കിലും വനത്തിലെ വൻമരങ്ങൾക്കുപോലും ഭീഷണിയാണ്. ദിവസംതോറും പയർവള്ളികൾ കൂടുതൽ സ്ഥലത്തേക്കു വ്യാപിക്കുകയാണ്. ഇഴജന്തുക്കളുടെ ശല്യവും പ്രദേശത്ത് വർദ്ധിച്ചിട്ടുണ്ട്.

റബ്ബർതോട്ടങ്ങളിൽ ഈർപ്പം നിലനിറുത്തുന്നതിനും പച്ചിലവളം ലഭിക്കുന്നതിനുമാണ് റബ്ബർ കർഷകർ തോട്ടപയർ വിതക്കുകയും വളർത്തുകയും ചെയ്യുന്നത്. റബ്ബർ മരങ്ങൾ വളർച്ചയെത്തുന്നതോടെ ഇവയെ നശിപ്പിച്ച് വളമാക്കുകയുമാണ് ചെയ്തുവരുന്നത്. എന്നാൽ റബ്ബർ തോട്ടങ്ങളിൽ വിതക്കുന്ന തോട്ടപ്പയറിന്റെ കൂട്ടത്തിൽ കാട്ടുപയർവിത്തുകൾ അബദ്ധത്തിൽ കടന്നുകൂടുകയും പടരുകയും ചെയ്യുന്നു.

കാട്ടുപയറുകൾ പടർന്നു പന്തലിച്ചാൽ അവ നിയന്ത്രണ വിധേയമാക്കണമെങ്കിൽ കഠിന ശ്രമം തന്നെ വേണ്ടിവരും. ഇവ നശിപ്പിക്കാ

നായി ഉപയോഗിച്ചിരുന്ന കളനാശിനി നിരോധിച്ചതിനാൽ പയർവള്ളികൾ ചുവടെ പിഴുത് കളയുകയോ തീ പടർന്ന് പിടിക്കാത്തവിധം പ്ലോട്ടുകളാക്കി തിരിച്ച് തീയിടുകയോ ആണ് പോംവഴി. ഇവയെ നശിപ്പിച്ചാലും മണ്ണിനടിയിലെ വേരിന്റെ ചെറിയ ഭാഗങ്ങളിൽ നിന്നോ ഇവയുടെ വിത്തിൽനിന്നോ വീണ്ടും മുളച്ച് വരും. തുടർന്നുള്ള വർഷങ്ങളിലും നശീകരണം തുടർന്നാലെ പൂർണമായി നശിപ്പിക്കാനാവു.

വനപ്രദേശത്ത് കാട്ടുവള്ളികൾ പടരുന്നത് സർവസാധാരണമാണെങ്കിലും കാട്ടുപയർവള്ളികൾ പടരുന്നത് വനത്തിന്റെ നാശത്തിനാണെന്ന് വിദഗ്ദ്ധർ പറയുന്നു. വനങ്ങൾ നാശത്തിലേക്കു പോകാതിരിക്കാൻ സർക്കാരും വനംവകുപ്പും കാട്ടുപയർ നശിപ്പിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് പ്രകൃതിസ്‌നേഹികളുടെ ആവശ്യം.

..........................................

പടർന്ന് പന്തലിച്ച് വനം തിന്ന് അങ്ങനെ അങ്ങനെ

ചാറ്റിലാംപാടത്തെ മലയോരത്ത് ഇതിനകം 10 ഹെക്ടറിലധികം കാട്ടുപയർ വള്ളികൾ വ്യാപിച്ചുകഴിഞ്ഞു. ആറ് വർഷത്തിലധികമായി ഇവിടെ പടർന്നുകൊണ്ടിരിക്കുന്നു. ഒന്നിനുമീതെ ഒന്നായി പല തവണ പടർന്നതിനാൽ അടുക്കുകളായാണ് കിടക്കുന്നത്. മുകളിൽ പടർന്നവയൊഴികെ കരിഞ്ഞുണങ്ങി. വേനൽക്കാലത്ത് തീപിടുത്തമുണ്ടാകാനും പച്ച വള്ളിപ്പടർപ്പിനടിയിലുള്ള ഉണങ്ങിയവള്ളികളിലൂടെ മറുവശം വരെ വേഗത്തിൽ കത്തിപ്പടരാനും സാധ്യതയേറെയാണ്. തീപിടുത്തമുണ്ടായാൽ അണക്കുന്നതും ശ്രമകരമാകും. ഇത് ജീവജാലങ്ങൾക്കും ഭീഷണിയാണ്. മരങ്ങളിൽ പയർവള്ളികൾ പടർന്ന് പന്തലിച്ച് കാട്ടിലെ നിരവധി മരങ്ങളാണ് നശിക്കുന്നത്. പടർപ്പുകളാൽ മൂടപ്പെട്ട മരങ്ങൾ വളർച്ച ക്ഷയിച്ച് ഉണങ്ങി നിലംപതിക്കുന്നത് പതിവാണ്. വൻ മരങ്ങളിൽ ചുവട് മുതൽ മുകൾ ഭാഗം വരെ പയർ വള്ളികൾ പടർന്നു കയറി നിൽക്കുന്നു. സൂര്യപ്രകാശം പോലും ഏൽക്കാത്ത തരത്തിൽ മൂടപ്പെട്ടതിനാൽ മരം ഉണങ്ങി ചിതലുകൾ കയറി നാശത്തിലേക്കു നീങ്ങുകയാണ്.

കാലവർഷത്തിന് ശേഷം നശീകരണ പ്രവർത്തനം ആരംഭിക്കും

- വിജിൻ ദേവ് (ഫോറസ്റ്റ് റേഞ്ചർ)

ചാറ്റിലാം പാടത്തിനു സമീപത്തെ മലയോരത്തും വനത്തിലും പടർന്ന് പരന്ന് കിടക്കുന്ന കാട്ടുപയർ വള്ളികൾ