ksu
ലോക്ക് ഡൗൺ മറവിൽ അരേക്കർ കൃഷിഭൂമി മണ്ണിട്ട് നികത്തിയ നിലയിൽ

കാഞ്ഞാണി: ലോക്ക് ഡൗൺ മറവിൽ കൃഷിനിലം നികത്തുന്നതായി കണ്ടെത്തി. കണ്ടശ്ശാംകടവ് താനാപാടം ഗ്രൗണ്ടിന് സമീപം സ്വകാര്യ വ്യക്തിയുടെ അരയേക്കറോളം കൃഷി നിലം ജെ.സി.ബി ഉപയോഗിച്ച് നികത്തുന്നുണ്ടെന്നുണ്ടെന്ന് അറിഞ്ഞ് കാരമുക്ക് വില്ലേജ് ഓഫീസർ സ്ഥലത്തെത്തിയെങ്കിലും നിലം നികത്തുന്നവർ രക്ഷപ്പെട്ടു. കാരമുക്കിലുള്ള വ്യാപാരിയുടേതാണ് സ്ഥലം. വില്ലേജ് രേഖകളിൽ നിലം എന്ന് രേഖപ്പെടുത്തിയതാണ് ഒരേക്കർ വരുന്ന ഭൂമി.

നിലം നികത്തൽ മുൻപ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വില്ലേജ് അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഇതിനെതിരെ ഉടമ കോടതിയിൽ നിന്ന് സ്റ്റേ സമ്പാദിച്ചെങ്കിലും കാലാവധി അവസാനിച്ചു. ലോക്ക് ഡൗൺ മറവിൽ അരയേക്കറോളം സ്ഥലമാണ് നികത്തിയത്. താനാപാടം പാടശേഖരത്തിൽ ഉൾപ്പെടുന്ന കൃഷിസ്ഥലം ലോക്ക്ഡൗണിൽ മണ്ണിട്ട് നികത്തുന്നത് പാടശേഖരം കമ്മിറ്റി അധിക്യതർ അറിഞ്ഞില്ലെന്ന് പ്രസിഡന്റ് ഹരിദാസ് പറഞ്ഞു.

ക്യഷിസ്ഥലത്തിന് ചുറ്റുമതിൽ കെട്ടി വാഴകളും നിരവധി തെങ്ങുകൾ വച്ചു പിടിപ്പിച്ചാണ് മണ്ണിട്ട് നികത്തിയത്. ഭൂമി മണ്ണടിച്ച് ഉയർത്തിയതോടെ പരിസരത്തെ വീടുകളിൽ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുന്നുണ്ട്. വിവരം ലഭിച്ച് കാരമുക്ക് വിലേജ് ഓഫീസർ ധന്യയും, ഫീൽഡ് അസിസ്റ്റന്റ് പ്രമോദും കൂടി സ്ഥലത്തെത്തിയെങ്കിലും ഇവരെ കണ്ട് ജോലിക്കാർ ജെ.സി.ബി ഇട്ട് ഓടി. സ്റ്റോപ്പ് മെമ്മോ അവഗണിച്ച് നിലം നികത്തിയതിനെതിരെ സ്ഥലമുടമയ്ക്കെതിരെ നടപടിക്കായി കാരമുക്ക് വല്ലേജ് ഓഫീസർ തഹസിൽദാർക്ക് ശുപാർശ നൽകി.