കൊടുങ്ങല്ലൂർ: തെരുവിൽ അലയുന്നവർക്കായി ആരംഭിച്ച ക്യാമ്പിലെ അന്തേവാസികൾക്കായി ക്‌ളിനിക്കൽ പരിശോധന നടത്തി. ഒരാൾക്ക് ക്ഷയരോഗമുള്ളതായി കണ്ടെത്തി. ഇയാളെ ഒറ്റപ്പെട്ട മറ്റൊരു മുറിയിലേക്ക് മാറ്റിപ്പാർപ്പിച്ചു. മറ്റു പരിശോധനകൾക്കു ശേഷം ഇയാളെ ആവശ്യമായ ചികിത്സകൾക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.
താലൂക്ക് ഗവ.ആശുപത്രിയുടെ ആഭിമുഖ്യത്തിൽ 30 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. എച്ച്.ഐ.വി പരിശോധന, ക്ഷയം, ലെ പ്രസി, ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ പരിശോധനകളാണ് നടത്തിയത്. ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ക്യാമ്പ് നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്തു. സി.കെ. രാമനാഥൻ അദ്ധ്യക്ഷനായി. പി.വി. ആശാലത, ഡോ. ടി.വി. റോഷ്, അഡ്വ. സി.പി. രമേശൻ, എം.കെ. സഹീർ, കെ. സുരേഷ് കുമാർ, കോ- ഓർഡിനേറ്റർ അഖില എന്നിവർ സംസാരിച്ചു.