കൊടുങ്ങല്ലൂർ: കുടുംബ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കവർച്ച ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവം അറിയിച്ചിട്ടും അന്വേഷിക്കുന്നതിൽ വിമുഖത കാട്ടിയതിന് എസ്.ഐക്ക് നോട്ടീസ്. കൊടുങ്ങല്ലൂർ സ്റ്റേഷൻ പരിധിയിലെ തണ്ടാംകുളത്തിന് കിഴക്ക് ഭാഗത്തുള്ള പഴമ്പിള്ളി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളാണ് കവർച്ച ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇത് ശ്രദ്ധയിൽ പെട്ട ക്ഷേത്രം ഭാരവാഹികൾ അന്ന് തന്നെ സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകിയിരുന്നു. എന്നാൽ ഇന്നലെ വൈകുംവരെ ഇവിടേക്ക് പൊലീസ് എത്തിയിരുന്നില്ല. ഇതേത്തുടർന്നുണ്ടായ അമർഷമറിഞ്ഞ കൊടുങ്ങല്ലൂർ സി.ഐ: പി.കെ. പത്മരാജൻ, ഇന്നലെ രാത്രിയിൽ തന്നെ എസ്.ഐ: ബൈജു ഉൾപ്പെട്ട സംഘത്തെ ക്ഷേത്രത്തിലേക്കയച്ച് അന്വേഷണം ആരംഭിച്ചു. പരാതി ലഭിച്ചിട്ടും സംഭവത്തെ കുറിച്ച് അന്വേഷിക്കാതിരുന്നത് സംബന്ധിച്ച് വകുപ്പ് തല അന്വേഷണം നടത്തുമെന്നും സി.ഐ വ്യക്തമാക്കി.
ഇതേസമയം ലോക്ക് ഡൗണിനിടെ കോട്ടപ്പുറത്ത് നിന്നും രണ്ട് ബൈക്കുകൾ മോഷ്ടിക്കപ്പെട്ട സംഭവവുണ്ടായി. മോഷണം പോയ ബൈക്കുകളിലൊന്ന് പിന്നീട് അൽപ്പം അകലെയായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. ഒരൊറ്റ ദിവസം 215 കേസുകൾ രജിസ്റ്റർ ചെയ്ത് റെക്കാഡിട്ടതിനിടയിലാണ് ഈ സംഭവങ്ങളെന്നതും ശ്രദ്ധേയമാണ്.