ചൊവ്വൂർ പെരുമ ഇങ്ങനെ

ഫർണിച്ചർ സ്ഥാപനങ്ങൾ 200ലേറെ

ഫർണിച്ചർ മില്ലുകൾ 10ഓളം

തൊഴിലാളികൾ 2000ൽ ഏറെ

അനുബന്ധ തൊഴിലാളികളും അന്യസംസ്ഥാനക്കാരും 1000ഓളം

ചേർപ്പ്: ലോക്ക് ഡൗണിൽ പെട്ട് കേരളത്തിലെ പ്രധാന ഫർണീച്ചർ മേഖലയായ ചൊവ്വൂരിലെ ഫർണീച്ചർ കച്ചവടവും വെള്ളത്തിലായി. മാസങ്ങളായി അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്ന ഫർണീച്ചർ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാത്തതിനാൽ തൊഴിലാളികളും ദുരിതത്തിലാണ്. ഇരുന്നൂറിലേറെ ഫർണീച്ചർ സ്ഥാപനങ്ങളും, പത്തോളം ഫർണിച്ചർ മില്ലുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. രണ്ടായിരത്തിലേറെ പരമ്പരാഗത മരപ്പണിക്കാരും ആയിരക്കണക്കിന് അനുബന്ധതൊഴിലാളികളും​ അന്യസംസ്ഥാന തൊഴിലാളികളും ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നുണ്ട്. കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഇവരെല്ലാം.
ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കൺസ്ട്രഷൻ മേഖലകൾ കാര്യക്ഷമമായി പ്രവർത്തിക്കാത്തതിനാൽ ഫർണീച്ചർ ഉത്പന്നങ്ങളുടെ വിപണനം ഗണ്യമായി കുറഞ്ഞതായി ചൊവ്വൂർ പുല്ലോക്കാരൻ ഫർണീച്ചർ ഉടമ ദേവസി പുല്ലോക്കരൻ പറഞ്ഞു. കടകളിൽ എത്തുന്നവരുടെ എണ്ണം വളരെ കുറഞ്ഞു. ഇന്ത്യയിലെയും കേരളം, തമിഴ്‌നാട്, കർണാടക തുടങ്ങിയവിടങ്ങളിലെയും ഫർണീച്ചർ കേന്ദ്രങ്ങളിലേക്കും ചൊവ്വൂരിൽ നിന്ന് വൻതോതിൽ ഫർണീച്ചർ ഉത്പന്നങ്ങൾ വിപണനത്തിനായി കൊണ്ടുപോകാറുണ്ടായിരുന്നു. വാഹന സർവീസുകൾ ഇല്ലാത്തതിനാൽ ഇവയും നിലച്ചെന്ന് ചൊവ്വൂർ ഫർണീച്ചർ മാനുഫാക്‌ചേഴ്‌സ് കോൺഫെഡറേഷൻ സെക്രട്ടറി ജോർജ് ആന്റോ പറഞ്ഞു.

ലക്ഷങ്ങൾ വിലമതിക്കുന്ന സെറ്റികൾ, മേശ, കസേര, അലമാരികൾ, കട്ടിൽ, ടിപ്പോയ്, ദിവാൻകോട്ട് തുടങ്ങിയ ആഢംബര ഫർണിച്ചർ ഉൽപന്നങ്ങൾ വിൽക്കാതെ കെട്ടിക്കിടക്കുകയാണ്. ഇവയുടെ പല മോഡലുകളും മാസങ്ങൾ കഴിയുമ്പോഴേക്കും ആളെടുക്കാതെയാകും. പുതു മോഡലുകൾക്കാകും പിന്നെ ഭ്രമം. കാലങ്ങളായി തൊഴിൽ ചെയ്യുന്ന തൊഴിലാളികളേറെ ഈ മേഖലയിലുണ്ട്. ലോക്ക്ഡൗൺ വിലക്ക് നീങ്ങി കഴിഞ്ഞ ദിവസം മുതലാണ് ചുരുക്കം ചില കടകൾ തുറന്ന് പ്രവർത്തിച്ചത്.
സജീവമായി കച്ചവടം നടക്കാത്ത അവസ്ഥയിൽ ഫർണീച്ചർ മേഖലയിലെ സ്ഥാപനങ്ങളുടെ സ്വകാര്യ ബാങ്ക് വായ്പകൾക്ക് ഇളവോ മൊറട്ടോറിയമോ നൽകണമെന്ന് ഉടമകൾ ആവശ്യപ്പെട്ടു.

....................
അന്യസംസ്ഥാനങ്ങളിലേക്ക് ഫർണീച്ചർ ഉത്പ്പന്നങ്ങളുടെ വിപണനം നിലച്ചു. കച്ചവടം ഗണ്യമായി കുറഞ്ഞു. ഫർണീച്ചർ വ്യവസായ തൊഴിലുടമകളും കടുത്ത പ്രതിസന്ധിയിലാണ്

ദേവസി പുല്ലോക്കാരൻ

ഫർണീച്ചർ സ്ഥാപന ഉടമ

..............

കച്ചവട പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഫർണീച്ചർ സ്ഥാപന ഉടമകളുടെ സ്വകാര്യബാങ്ക് വായ്പകൾ ലഘൂകരിക്കണം

ജോർജ് ആന്റോ
ഫർണീച്ചർ മാനുഫാക്‌ച്ചേഴ്‌സ് കോൺഫെഡറേഷൻ ട്രേഡേഴ്‌സ് അസോ. സെക്രട്ടറി.