തിരുവമ്പാടി ദേവസ്വം അപേക്ഷ നൽകിയില്ല

തൃശൂർ : തൂശൂർ പൂരം ഒരാനപ്പുറത്ത് നടത്താൻ അനുമതി വേണമെന്ന പാറമേക്കാവ് ദേവസ്വത്തിന്റെ അപേക്ഷ ജില്ലാ കള്കടർ തള്ളി. രാജ്യത്ത് ലോക്ക് ഡൗൺ മൂന്നാം തീയതി വരെ നിലനിൽക്കുന്ന സാഹചര്യത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കും ഇളവുകൾ വേണ്ടെന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉത്തരവ് മറികടന്ന് അനുമതി നൽകാൻ കഴിയില്ലെന്ന് കളക്ടർ എസ്. ഷാനവാസ് വ്യക്തമാക്കി. നേരത്തെയും പൂരം ഉപേക്ഷിച്ച സന്ദർഭങ്ങളിൽ ഒരാനപ്പുറത്ത് ചടങ്ങ് നടത്താൻ അനുമതി ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജില്ലാ ഭരണകൂടത്തിന് അപേക്ഷ നൽകിയത്. അഞ്ച് പേരിൽ കൂടുതൽ ആളുകൾ ചടങ്ങിൽ ഉണ്ടാകില്ലെന്നും ദേവസ്വം നൽകിയ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ യാതൊരു ഇളവും നൽകാൻ കഴിയില്ലെന്ന് കളക്ടർ വ്യക്തമാക്കി. അതേസമയം പൂരത്തിലെ മറ്റൊരു പ്രധാന ക്ഷേത്രമായ തിരുവമ്പാടി ക്ഷേത്രം ഇക്കാര്യമാവശ്യപ്പെട്ടിരുന്നില്ല. നേരത്തെ മന്ത്രിതലത്തിൽ നടന്ന യോഗത്തിലാണ് പൂരം പൂർണ്ണമായി ഉപേക്ഷിക്കാൻ തീരുമാനിച്ചത്. എന്നാൽ പിന്നീട് ഇരുദേവസ്വങ്ങളും കൊടിയേറ്റം നടത്തുകയും പടിഞ്ഞാറെ ചിറയിലും വടക്കുന്നാഥ കൊക്കർണിയിലും ആറാട്ട് നടത്തുത്തുകയും ചെയ്തിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെയാണ് ഇത് നടത്തിയത്. എന്നാൽ ആന എഴുന്നള്ളിപ്പിന് അനുമതി നൽകിയാൽ ആളുകൾ കൂടാൻ സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. പൂരത്തിലെ ഘടക ക്ഷേത്രങ്ങളിലും പൂരം കൊടിയേറ്റ് ഉൾപ്പടെയുള്ള ചടങ്ങുകൾ ഉപേക്ഷിച്ചിരുന്നു. നാളെയാണ് പൂരം.