തൃശൂർ: മാസ്മരിക നൃത്തച്ചുവടുകളുമായി സാമൂഹിക മാദ്ധ്യമങ്ങളിൽ നിറയുകയാണ് വൈഗയെന്ന ആറാംക്‌ളാസുകാരി. ലോക്ക് ഡൗൺ കാലഘട്ടത്തിൽ ചെയ്ത ''കൃഷ്ണ നീ ബേഗനെ' എന്നു തുടങ്ങുന്ന നൃത്തം സോഷ്യൽ മീഡിയയിൽ അദ്യ ദിനം തന്നെ പതിനായിരങ്ങളിലെത്തി.
ഏഴിന് മാർച്ച് 2020 ൽ ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് വൈഗ ചെയ്ത സോളോ പെർഫോമൻസ് ''കണികാണും നേരം'' എന്ന് തുടങ്ങുന്ന നൃത്താവിഷ്‌കാരവും ഒരു മാസത്തിനുള്ളിൽ 1.5 മില്യൺ വ്യൂസ് നേടിയിരുന്നു. വളരെ കുറഞ്ഞ പ്രായത്തിൽ തന്നെ നൃത്തത്തോട് താല്പര്യം കാണിക്കുന്ന വൈഗ ഇരിങ്ങാലക്കുടയിലെ ബിസിനസ്സുകാരനായ കല്ലട സജീവ് കുമാറിന്റെയും ശാലിനി സജീവ് കുമാറിന്റെയും മകളാണ്. ഇപ്പോൾ ശാന്തിനികേതൻ പബ്ലിക് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്...
തൃശൂരിലുള്ള അർപണ ഡാൻസ് അക്കാഡമിയിൽ ആറ് വർഷം ജോബ് മാഷിന്റെ കീഴിലാണ് ഭരതനാട്യം പഠിച്ചത്. 2019 ഒക്ടോബർ 5 ന് തൃശ്ശൂർ റീജ്യനൽ തിയേറ്ററിൽ ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ചു. ഇതോടൊപ്പം കലാനിലയം ഗോപിനാഥൻ ആശാന്റെ കീഴിൽ കഥകളി പഠിക്കാൻ തുടങ്ങി. 2018 ജൂലായ് 8ന് ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ അരങ്ങേറി. പിന്നീട് കഥകളി വേദികളിലും സജീവമായി. ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.'ലെസ്സൺ' , 'ദിയ ഒരു പുഞ്ചിരി' , 'ടോക്കിംഗ് ടോയ് ' തുടങ്ങിയവ അവയിൽ ചിലതാണ്. ഇതിൽ കൊല്ലത്ത് നടന്ന ഫിലിം ഫെസ്റ്റിവലിൽ ടോക്കിംഗ് എന്ന ഷോർട്ട് ഫിലിമിന് രാജീവ് ഗാന്ധി പുരസ്‌കാരം നേടി മികച്ച ബാലതാരമായി. ഭരത് പി.ജെ ആന്റണി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും മികച്ച ബാലതാരമായി. കൂടാതെ മറ്റ് പത്ത് അവാർഡുകളും നേടി. തിരുവനന്തപുരത്ത് സത്യജിത്ത് റേ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും വൈഗയെ മികച്ച ബാലതാരമായി തെരഞ്ഞെടുത്തു. കലാമണ്ഡലം പ്രഷീജ ടീച്ചറുടെ കീഴിൽ മോഹിനിയാട്ടവും അഭ്യസിക്കുന്നുണ്ട്. 'ചമയം' നാടകവേദിയുടെ കുട്ടികളുടെ ഗ്രൂപ്പിലെ ഒരു നാടക കലാകാരി കൂടിയാണ് വൈഗ.