കാഞ്ഞാണി : കഴിഞ്ഞ ദിവസം പെയ്ത വേനൽ മഴയിൽ താനാപ്പാടം പാടശേഖരത്തിൽ 35 ഏക്കറിലധികം നെൽക്കൃഷി വെള്ളത്തിലായി. മഴ പെയ്തതോടെ പാടശേഖരങ്ങളിൽ നിന്ന് വെള്ളംഒഴുകി പോകാൻ സൗകര്യമില്ലാതായി.
ഇതോടെ നെൽച്ചെടി വെള്ളത്തിലേക്ക് നിലം പതിച്ച് വൻകൃഷിനാശമാണ് ഉണ്ടായത്. 110 ഏക്കറുള്ള പാടശേഖരത്തിൽ മഴ വെള്ളം ഒഴുകി പോകാനാകാതെയാണ് പലസ്ഥലത്തും നെല്ല് നശിച്ചത്. കൃഷി ചെയ്യാൻ വൈകിയതാണ് ഉമ നെൽവിത്ത് വിളവെടുപ്പിന് സമയം വേണ്ടി വന്നതെന്ന് കർഷകർ പറഞ്ഞു. കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് കൊയ്തെടുക്കാൻ കഴിയാത്ത ക്യകൃഷിയിടം കർഷകർ നേരിട്ട് അരിവാൾ കൊണ്ട് കൊയ്തു എടുക്കുകയാണ്. നെല്ല് വെള്ളത്തിൽ കിടക്കുന്നതിനാൽ മുളയ്ക്കാൻ സാദ്ധ്യതയുണ്ടെന്നും അതിനാൽ അരിവാൾ കൊണ്ട് കൊയ്ത് എടുക്കുകയാണെന്ന് കർഷകനായ ചേന്ദമംഗലത്ത് ചന്ദ്രൻ പറഞ്ഞു.
സ്വന്തം കൃഷിയിടം പല കർഷകരും അടിയന്തരമായി നേരിട്ടറിങ്ങി കൊയ്യേണ്ട സാഹചര്യമാണുണ്ടായത്. കുറെ ഭാഗം വെള്ളം കെട്ടിനിന്ന് നശിച്ചു പോയി. കാലാകാലങ്ങളിൽ ഇറിഗേഷൻ കനാലിലെ തടസം നീക്കി പാടശേഖരങ്ങളിലെ വെള്ളം ഒഴുകി പോകുവാനുള്ള സൗകര്യം ഒരുക്കാത്തതാണ് കഴിഞ്ഞ ദിവസം പെയ്ത മഴയിൽ പാടശേഖരങ്ങളിൽ വെള്ളം കെട്ടികിടക്കാൻ കാരണം.
തുടർന്ന് പാടശേഖര സമിതി പ്രസിഡന്റ് പി.ബി. ഹരിദാസ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ശശിധരൻ പൊറ്റേക്കാട്ട് , ബാബു നേതൃത്വത്തിൽ പാലാഴി ലിങ്ക് റോഡ് വരെയുള്ള ഒരു കിലോമീറ്റർ ദൂരം കനാൽ വൃത്തിയാക്കി പാടശേഖരങ്ങളിൽ കെട്ടികിടക്കുന്ന വെള്ളം ഒഴുക്കിവിടാനുള്ള ശ്രമത്തിലാണ്.