തൃശൂർ: കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കോർപറേഷൻ പരിധിയിൽ ചെളി കലങ്ങിയ കുടിവെള്ളം വന്നതിനെ തുടർന്ന് മേയർ അജിത ജയരാജന്റെ നേതൃത്വത്തിൽ പീച്ചിയിലെ വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ പ്രവർത്തനം പരിശോധിച്ചു. പീച്ചി ഡാമിന് 62 വർഷത്തെ പഴക്കമുണ്ട്. ഈ വർഷക്കാലത്തെ ചളി അടിഞ്ഞു കൂടുകയും ഇതിന്റെ ഭാഗമായി ഇരുമ്പിന്റെ അംശം ക്രമാതീതമായി കൂടുകയും ചെയ്തിട്ടുണ്ട്. വേനൽക്കാലമാവുമ്പോൾ ഡാമിലെ വെള്ളം കുറയുകയും അടിത്തട്ടിലുള്ള ഇരുമ്പിന്റെ അംശം വെള്ളത്തിൽ കലരുകയുമാണുണ്ടായത്. ഇതിന്റെ ഭാഗമായി ടാങ്കിന്റെ അടിത്തട്ടിൽ ഇരുമ്പിന്റെ അംശം അടിഞ്ഞുകിടക്കുന്നാതാണ് കലങ്ങിയ വെള്ളം വരുന്നതിന് കാരണമെന്ന് വാട്ടർ അതോറിറ്റി അസി.എക്‌സി. എൻജിനിയർ രേഷ്മ, മേയറെ അറിയിച്ചു. ഡെപ്യൂട്ടി മേയർ റാഫി ജോസ് പി., സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എം.എൽ. റോസി, ജോൺ ഡാനിയേൽ, കരോളി ജോഷ്വ, ഡി.പി.സി മെമ്പർ വർഗ്ഗീസ് കണ്ടംകുളത്തി, കൗൺസിലർമാരായ എം.എസ്. സംപൂർണ്ണ, അനൂപ് കരിപ്പാൽ, കെ. മഹേഷ്, കോർപറേഷൻ എൻജിനിയർ സന്ദീപ്, അസി.എൻജിനിയർ ജയൻ എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത്.