തൃശൂർ: ആദിവാസി ഊരുകളിൽ സഞ്ചരിക്കുന്ന ലൈബ്രറിയുമായി വനം വകുപ്പ്. ലോക്ക് ഡൗൺ കാലത്തെ വിരസതയകറ്റാൻ വാഴച്ചാൽ വനം ഡിവിഷനിലെ ആദിവാസി ഊരുകളിലാണ് സഞ്ചരിക്കുന്ന ലൈബ്രറി എത്തിയത്. ആഴ്ച്ചയിലൊരിക്കലാണ് ഈ പുസ്തകവണ്ടിയെത്തുക. കഥ, നോവൽ, കവിത, ബാലസാഹിത്യം, പി.എസ്.സി പഠനം, തുടങ്ങി വിവിധ വിഷയങ്ങളിൽ 3000ൽ അധികം പുസ്തകങ്ങൾ സഞ്ചരിക്കുന്ന ലൈബ്രറിയിലുണ്ട്. ഈ സംവിധാനം ഏറെ ആത്മവിശ്വാസം പകരുന്നതായി ഊരിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ സീന പറഞ്ഞു. ഇത്തരത്തിൽ പുസ്തകങ്ങൾ ലഭിക്കുന്നതിലൂടെ പഠനം മെച്ചപ്പെടുത്താൻ കഴിയും.

വാഴച്ചാൽ ഡി.എഫ്.ഒ. എസ്.വി. വിനോദിന്റെ നേതൃത്വത്തിലാണ് ലൈബ്രറി ഒരുക്കിയിരിക്കുന്നത്. അതിരപ്പിള്ളി മുതൽ മലക്കപ്പാറ വരെയുള്ള ആദിവാസികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. വനം വകുപ്പിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ ആദ്യ സംരംഭമാണ് സഞ്ചരിക്കുന്ന ഈ അക്ഷര വണ്ടി.