ചാലക്കുടി: നഗരസഭയുടെ സമൂഹ അടുക്കളയുടെ പ്രവർത്തനം മേയ് 3ന് അവസാനിപ്പിക്കുന്നതിന് കൗൺസിൽ യോഗം തീരുമാനിച്ചു. ഇതോടെ ലോക്ക് ഡൗണിന്റെ ഭാഗമായി തെരുവിൽ നിന്നും മാറ്റിപ്പാർപ്പിച്ചിരിക്കുന്നവരുടെ ഭക്ഷണം പ്രതിസന്ധിയിലാകുമെന്ന് യോഗത്തിൽ കൗൺസിലർമാർ ചൂണ്ടിക്കാട്ടി. കുടുംബശ്രീ ഏറ്റെടുത്തിരിക്കുന്ന വിശപ്പു രഹിത ഹോട്ടൽ നോർത്ത് ചാലക്കുടി ബസ്സ് സ്റ്റാൻഡിൽ ആരംഭിക്കുന്ന മുറയ്ക്ക് അവിടെ നിന്നും ഇത്തരം കേന്ദ്രങ്ങളിൽ ഭക്ഷണം എത്തിക്കുന്നതിന് യോഗത്തിൽ ധാരണയായി.
താലൂക്ക് ആശുപത്രിയിലേയ്ക്കുള്ള ഉച്ചഭക്ഷണ വിതരണം താത്ക്കാലികമായി മേലൂർ സർവീസ് സഹകരണ ബാങ്ക് ഏറ്റെടുത്തുവെന്ന് ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ കൗൺസിൽ യോഗം പ്രശംസിച്ചു. കമ്മ്യൂണിറ്റി കിച്ചൺ അടക്കമുള്ള നഗരസഭയുടെ പ്രവർത്തനങ്ങളും മാതൃകാ പരമായെന്ന് യോഗം അഭിപ്രായപ്പെട്ടു. വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ, സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.എം. ശ്രീധരൻ, ബിജി സദാനന്ദൻ, ഗീത സാബു, യു.വി. മാർട്ടിൻ, ആലീസ് ഷിബു, പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ, അഡ്വ.ബിജു ചിറയത്ത്, എം.എം. ജിജൻ, വി.ജെ. ജോജി തുടങ്ങിയവർ ചർച്ചയിൽ സംസാരിച്ചു.