തൃശൂർ : നാളെ മേട മാസത്തിലെ പൂരം നക്ഷത്രം. ആരവത്തോടെ പൂരം പെയ്തിറങ്ങേണ്ട ദിവസം. എന്നാൽ പുരുഷാരവും, പഞ്ചവാദ്യത്തിന്റെ മാസ്മരികതയും, മേളപ്പെരുക്കവും, ആനച്ചന്തവും , കുടമാറ്റവും, കരിമരുന്നിന്റെ മായാജാലവും ഒന്നുമില്ല. ലോക്ക് ഡൗണിനെ തുടർന്ന് പൂരം താന്ത്രിക ചടങ്ങുകളിൽ ഒതുങ്ങുമ്പോൾ പൂര പ്രേമികളുടെ മനസ് വെമ്പും. കഴിഞ്ഞ വർഷം പൂരക്കമ്പക്കാർ മനസിൽ കുറിച്ചിട്ടതാണ് മേയ് രണ്ടെന്ന പൂര ദിവസം. 36 മണിക്കൂർ നീണ്ടു നിൽക്കുന്ന ഈ പൂര വിസ്മയം ഉപേക്ഷിക്കുന്നതും ഇനി ചരിത്രത്താളുകളിലേക്ക് നീങ്ങും.
നഷ്ടത്തിന്റെ നോവുമായ് വാദ്യപ്രമാണിമാർ
പൂരത്തിലെ സുഭിക്ഷമായ സദ്യയാണ് വാദ്യസദ്യ. രാവിലെ പതിനൊന്നരയോടെ മഠത്തിന് മുന്നിൽ നിന്നാരംഭിക്കുന്ന പഞ്ചവാദ്യം, ഇലഞ്ഞിത്തറ മേളം, രാത്രി പഞ്ചവാദ്യം പിറ്റേന്ന് തട്ടകക്കാർക്കുള്ള പകൽപ്പൂരം എന്നിങ്ങനെ സമയം തെറ്റാതെ പരന്ന് കിടക്കുകയാണ് വാദ്യപ്രപഞ്ചം. ഇതിന് പ്രമാണം വഹിക്കുന്നവർ സൂപ്പർ സ്റ്റാറുകളാണ്. എന്നാൽ ഇത്തവണ പ്രമാണം വഹിക്കുന്ന വാദ്യപ്രമാണിമാർ നിരാശയിലാണ്. പൂരം നഷ്ടപ്പെട്ടത് വലിയ വേദനയാണെന്ന് ഇലഞ്ഞിത്തറയിലെ അമരക്കാരൻ പെരുവനം കുട്ടൻ മാരാരും തിരുവമ്പാടിയുടെ മേള പ്രമാണി കിഴക്കൂട്ട് അനിയൻ മാരാരും പറഞ്ഞു.
പൂരം പൂർണ്ണമാകില്ലെന്ന് തിരുവമ്പാടി ദേവസ്വം
പൂരം ഉപേക്ഷിച്ചെങ്കിലും അവസാന നിമിഷം പാറമേക്കാവ് ദേവസ്വം ഒരാനപ്പുറത്ത് എഴുന്നള്ളിപ്പ് നടത്താൻ അനുമതി തേടിയത് വിവാദമായേക്കും. പാറമേക്കാവ് ദേവസ്വത്തിന്റേത് ഏകപക്ഷീയമായ തീരുമാനമാണെന്ന ആക്ഷേപം ഉയർന്നുകഴിഞ്ഞു. യോഗ തീരുമാനത്തിനനുസരിച്ച് യാതൊരു ചടങ്ങുകളും നടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് തിരുവാമ്പാടി ദേവസ്വം ഭാരവാഹികൾ അറിയിച്ചു. ഇന്ന് നെയ്തലക്കാവിലമ്മ തെക്കെ ഗോപുര നട തുറന്ന് പൂര വിളംബരം നടത്തേണ്ടതാണ്. ഇത് നടക്കാത്തത് മൂലം പാറമേക്കാവ് - തിരുവമ്പാടി ഭഗവതിമാർക്ക് കൂടിക്കാഴ്ച്ച നടത്താനാകില്ല. ഘടക പൂരങ്ങളും കൊടിയേറാത്തതിനാൽ പൂരം പൂർണ്ണമാകില്ലെന്ന് പ്രസിഡന്റ് പി. ചന്ദ്രശേഖരൻ, ജോയിന്റ് സെക്രട്ടറി എം. രവികുമാർ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
ഘടകക്ഷേത്രങ്ങൾക്ക് പ്രതിഷേധം
പൂരം ഉപേക്ഷിക്കുന്നതിനോട് പൂർണ്ണമായി യോജിക്കുന്നതായി ഘടക ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. അതേ സമയം ഘടക ക്ഷേത്രങ്ങളിൽ കൊടിയേറ്റവും താന്ത്രിക ചടങ്ങുകളും നടത്താൻ അനുമതി നൽകാതിരിക്കുകയും രണ്ട് ക്ഷേത്രങ്ങൾക്ക് മാത്രം അനുമതി നൽകുകയും ചെയ്തത് നീതികരിക്കാനാവില്ലെന്ന് ഭാരവാഹികളായ പി.വി സുബ്രഹ്മണ്യൻ, രാമചന്ദ്രൻ ചങ്ങരത്ത് എന്നിവർ പറഞ്ഞു...