കാട്ടൂർ: കാറളത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അച്ഛനും മക്കളും ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ . ബാക്കി പ്രതികൾ ഒളിവിൽ. കാറളം അയ്യേരി രാഘവൻ മകൻ ഉണ്ണിക്കൃഷ്ണൻ എന്ന കാറളം കണ്ണൻ (52), മക്കളായ വിഷ്ണു (25), വിവേക് (24), പറമ്പൻ വീട്ടിൽ ആനന്ദൻ മക്കളായ വിശാഖ് (20), വിഷ്ണു ആനന്ദ് (22), എടക്കുളം പൂപ്പള്ളി ബാലൻ മകൻ മുരുകേഷ് (22) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി.ഫേമസ് വർഗ്ഗീസിന്റെ നിർദ്ദേശ പ്രകാരം കാട്ടൂർ ഇൻസ്പെക്ടർ സന്ദീപ്കുമാർ, ഇരിങ്ങാലക്കുട ഇൻസ്‌പെക്ടർ ജിജോ, കാട്ടൂർ എസ്.ഐ വി.വി വിമൽ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകീട്ട് 4 ന് കാറളം ഇത്തിൾക്കുന്ന് പാടത്താണ് മുൻ കാറളം പഞ്ചായത്ത് പ്രസിഡന്റ് സി.വി വാസുവിന്റെ മകൻ കാറളം പുല്ലത്തറ ചങ്കരംങ്കണ്ടത്ത് വിഷ്ണുവാഹിദ് (27) വെട്ടേറ്റ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന വെള്ളാനി സ്വദേശികളായ കരിയിൽ സുമേഷ് , കൊല്ലായിൽ വീട്ടിൽ സേതു, മാടായിക്കോണം സ്വദേശി ശിവ എന്നിവർ ചികിത്സയിലാണ്. ക്രിമിനൽ പാശ്ചാത്തലത്തിലുള്ള രണ്ട് ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി കൊലപാതകത്തിൽ കലാശിച്ചതാണെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ മാർച്ച് മാസത്തിൽ കാറളം ക്ഷേത്രത്തിലെ ഭരണി ആഘോഷവുമായി ബന്ധപ്പെട്ട് മേഖലയിൽ ഉണ്ടായ തർക്കങ്ങളും വെല്ലു വിളികളും പറഞ്ഞു തീർക്കാനായി ഒത്തു കൂടിയതായിരുന്നു സംഘങ്ങൾ. അവിടെ വെച്ച് വിഷ്ണു വാഹിദിനെ അടിച്ചും കത്തികൊണ്ട് നെഞ്ചിൽ കുത്തുകയും ,സേതു, ശിവ, സുമേഷ് , ആഷിഖ് എന്നിവരെ വാളുകൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു.